‘ഇങ്ങോട്ട് വിളിച്ചാണ് കരുതല്‍ നിധിയിലേയ്ക്ക് പണം തന്നത്’- മഞ്ജു വാര്യര്‍ക്ക് നന്ദി കുറിച്ച് ഫെഫ്ക

April 11, 2020

കൊവിഡ് 19 നെ തുടര്‍ന്ന് നിശ്ചലമായ മേഖലകളില്‍ ഒന്നാണ് ചലച്ചിത്ര രംഗം. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് മോഹന്‍ലാലും മഞ്ജു വാര്യരുമടക്കമുള്ളവര്‍ സഹായം നല്‍കിയിരുന്നു. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കരുതല്‍ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് മഞ്ജു വാര്യര്‍ നല്‍കിയത്. ആവശ്യപ്പെടാതെതന്നെ താരം സഹായം നല്‍കുകയായിരുന്നുവെന്ന് ഫെഫ്കയുടെ നന്ദി കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

“കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ, നമ്മള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രവ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാന്‍ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തില്‍ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവര്‍ത്തകര്‍ നമ്മുക്കുണ്ട്; കൂടാതെ, സഹസംവിധായകര്‍, ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍, നര്‍ത്തകര്‍… അങ്ങനെ വലിയൊരു വിഭാഗം.

അവരൊയെക്കെ എങ്ങിനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയും എന്ന ആശങ്കയില്‍ ഞങ്ങള്‍ കൂടിയാലോചന നടത്തുന്ന സമയത്താണ്, താങ്കള്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ച്, ഞങ്ങള്‍ സമാഹരിക്കുന്ന ‘കരുതല്‍ നിധി’യിലേക്ക്, അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ, ആ പണം അയച്ചു തരികയും ചെയ്തു. താങ്കള്‍ തന്നെയാണ് ഈ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ, കല്യാണ്‍ ജുവലേര്‍സ്സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചര്‍ച്ച വികസിച്ചത്, ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്രതൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്.

ഫെഫ്കയിലെ അംഗങ്ങളോട് കാട്ടിയ സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും, ഞങ്ങള്‍ക്കു മഞ്ജുവിനോട് നിസ്സീമമായ നന്ദിയുണ്ട്. സ്‌നേഹവും. മഞ്ജുവിന്റെ തുടര്‍യാത്രകളില്‍, ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.”
സ്‌നേഹത്തോടെ,

ഉണ്ണിക്കൃഷ്ണന്‍ ബി
( ജനറല്‍ സെക്രട്ടറി, ഫെഫ്ക)