ഏഴ് ജില്ലകൾ ഇന്നുമുതൽ സാധാരണ നിലയിലേക്ക്- ഇളവുകൾ ഇങ്ങനെ..

April 20, 2020

കൊവിഡ് ബാധയുടെ വ്യാപ്തിക്കനുസരിച്ച് 7 ജില്ലകൾക്ക് ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് മുതൽ ലഭിക്കും. കേരളത്തിലെ ജില്ലകളെ നാല് സോണുകളായി തിരിച്ചാണ് ഇളവുകൾ നൽകിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ 88 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇവിടെ നിയന്ത്രണങ്ങൾ തുടരും.

ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകൾക്കും, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, വയനാട്, തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകൾക്കും ഇന്നുമുതൽ ഇളവുകൾ ലഭ്യമാണ്.

ഓറഞ്ച് എ സോണിൽ തുടരുന്ന പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ 24 മുതലാണ് ഇളവുകൾ. റെഡ്‌സോണിൽ ഉള്ള കാസർകോട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.

ലോക്ക് ഡൗൺ നീങ്ങുന്ന സാഹചര്യത്തിൽ ഇളവുകൾ ലഭിച്ച ജില്ലകൾക്ക് യാത്രകൾ ജില്ലയ്‌ക്കുള്ളിൽ നടത്താം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് യാത്ര നടത്താം.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് പുറത്തിറങ്ങാം. അടിയന്തിര സേവനങ്ങൾക്കും, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർ, നഴ്‌സ്, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, ജോലിക് പോകുന്ന സ്ത്രീകളുടെ വാഹനങ്ങൾ എന്നിവയ്ക്ക് രജിസ്‌ട്രേഷൻ നമ്പർ ക്രമീകരണമില്ലാതെ പുറത്തിറങ്ങാൻ അനുമതിയുണ്ട്.

പൊതുഗതാഗതമോ, ജില്ലയുടെ അതിർത്തികടന്നുള്ള യാത്രയോ അനുവദിക്കുന്നതല്ല. ആളുകളെ കൂട്ടമായി എത്തുന്ന സ്ഥലങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്‌കൂളുകൾ, തിയേറ്ററുകൾ, ബാറുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഒന്നും പ്രവർത്തിക്കില്ല. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആയി നിജപ്പടുത്തിയിരിക്കുന്നു.