തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പിന്നെ മേളപ്പെരുമയും; പൂരപ്രേമികള്‍ക്കായി വെര്‍ച്വല്‍ പൂരമൊരുക്കി ട്വന്റിഫോര്‍: വിസ്മയക്കാഴ്ച

May 2, 2020

‘തൃശ്ശൂര്‍ പൂരം’; എന്ന ഒരു വാക്ക് മതി മലയാളികള്‍ ഹരം കൊള്ളാന്‍. മലയാളമനസ്സുകളില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് തൃശ്ശൂര്‍ പൂരമെന്ന മഹാവിസ്മയം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ മേളങ്ങളും ആളും ആരവവുമില്ലാതെയാണ് തൃശൂരില്‍ പൂരം നടക്കുന്നത്. പൂരം കാണാന്‍ സാധിക്കാത്ത മലയാളികള്‍ക്കു തികച്ചും വ്യത്യസ്തമായൊരു ദൃശ്യവിരുന്ന് സമ്മാനിച്ചിരിക്കുകയാണ് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍.

തൃശൂര്‍ പൂരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷിടിച്ചുകൊണ്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ചരിത്രം കുറിക്കുകയായിരുന്നു. ലോകചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് പൂരപ്പൊലിമ സ്റ്റുഡിയോയിലെത്തിച്ചിരിക്കുന്നത്. പൂരം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളില്‍ ഓടിയെത്തുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, പെരുവനം കുട്ടന്‍മാരാര്‍ ഒരുക്കിയ മേളവിസ്മയവും എല്ലാം ട്വിന്റിഫോറിന്‍റെ സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ കണ്ടു, ഹൃദയത്തിലേറ്റി.

ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നത്. തൃശൂര്‍ പൂര വിളംബര ദിനത്തിലും വിജനമായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയുടെ മുന്‍വശം. പൂരമില്ല എന്ന വാര്‍ത്ത തന്നെ മലയാളികളെ ഏറെ ദുഃഖിപ്പിച്ചിരുന്നു . ഈ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് തൃശൂര്‍ പൂരാനുഭവം സമ്മാനിച്ചിരിക്കുകയാണ് ട്വന്റിഫോര്‍.

ടെലിട്രാന്‍സ്‌പോര്‍ട്ടിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, മേളപ്പെരുമയില്‍ ലോകപ്രശ്‌സതനായ പെരുവനം കുട്ടന്‍മാരാരും ട്വന്റിഫോര്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ എത്തിയത്. തൃശൂര്‍ പൂരം ഓര്‍മകള്‍ പങ്കുവച്ച് സ്റ്റീഫന്‍ ദേവസി അടക്കമുള്ള പ്രമുഖരും പങ്കെടുത്തുകൊണ്ട് മനോഹരമാക്കിയ ഈ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.