“അടങ്ങടാ ചെക്കാ, നീ കുറേ ലോകം കണ്ടിട്ടുണ്ടാകും പക്ഷെ…” കോശിയെ വിറപ്പിച്ച കണ്ണമ്മയുടെ ഡയലോഗ്: അണിയറക്കഥ പങ്കുവെച്ച് നടി ഗൗരി നന്ദ

June 27, 2020
Gowri Nandha about Ayyappanum Koshiyum scene

കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചില രംഗങ്ങള്‍ക്ക്. അതിലൊന്നാണ് കോശിയെ വിറപ്പിച്ച “അടങ്ങടാ ചെക്കാ, നീ കുറേ ലോകം കണ്ടിട്ടുണ്ടാകും പക്ഷെ അടുത്തുനിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല…” എന്നു തുടങ്ങുന്ന കണ്ണമ്മയുടെ ഡയലോഗ്. തിയേറ്ററുകളില്‍ കൈയടി നേടിയ ഈ രംഗത്തിന്റെ പിന്നിലെ കഥ പങ്കുവയ്ക്കുകയാണ് വെള്ളിത്തിരയില്‍ കണ്ണമ്മയായി ജീവിച്ച നടി ഗൗരി നന്ദ.

ആ കഥ ഇങ്ങനെ

കണ്ണമ്മയും കോശിയും നേര്‍ക്കു‌നേര്‍ കാണുന്ന ആ സീന്‍
സച്ചിയേട്ടന്‍ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാന്‍: മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തില്‍ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത്…..
സച്ചിയേട്ടന്‍: ദേഷ്യത്തില്‍ പറയണ്ട… അവള്‍ക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാള്‍ വലിയവന്മാരെ നിലക്ക് നിര്‍ത്തിയിട്ടുണ്ട് അവള്‍ നിനക്ക് മനസിലായല്ലോ ?
ഞാന്‍: ആ സാര്‍ മനസിലായി..
അടുത്ത് നിന്ന രാജുവേട്ടന്‍ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാക്കുന്നതു പോലെ ഒന്ന് പറയുമോ എന്ന്. അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു..
ഞാന്‍ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിര്‍ണായകരമായ സീന്‍ ആണ് അത്..
സച്ചിയേട്ടന്‍ അത് എപ്പോഴും പറയും.. ചിലപ്പോ നല്ല ടെന്‍ഷന്‍ ആള്‍ക്ക് ഉണ്ടാകുമായിരിക്കും ഞാന്‍ അത് എങ്ങനെ ആകും ചെയ്യുന്നത് എന്ന് ഓര്‍ത്തിട്ട്.. പക്ഷെ കാണിക്കില്ല..
എനിക്ക് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.. ഞാന്‍ വളരെ കൂള്‍ ആയിരുന്നു..
റിഹേഴ്സല്‍ ഒന്നും ഇല്ല. നേരെ ടേക്ക് ആണ്. കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആര്‍ട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത്.
ആദ്യത്തെ ടേക്കില്‍ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി.. അത്ര വേണ്ട എന്ന് പറഞ്ഞു..
രണ്ടാമത്തെ ടേക്കില്‍ സീന്‍ ഒകെ …
കുറച്ചു മാറി മോണിറ്റര്‍ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനില്‍ സൂക്ഷിച്ചു നോക്കി സാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു..
അപ്പോഴും കാലിന്റെ വേദന സാറിന് നന്നായിട്ട് ഉണ്ട് …
അന്ന് ആ സീന്‍ ഞാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ആ മുഖം ഞാന്‍ ശ്രദ്ധിച്ചു. ഭയങ്കര സന്തോഷം ആയിരുന്നു…
ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ആ മുഖം..
തന്റെ മക്കള്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി വരുമ്പോള്‍ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം..
ഏതൊരു രചയിതാവിനും തന്റെ കഥാപാത്രങ്ങള്‍ സ്വന്തം മക്കളെ പോലെ ആകും അല്ലോ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു. ഓരോ കഥാപാത്രങ്ങളും അവര്‍ നന്നായി ചെയ്യുമ്പോള്‍ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതില്‍ അഭിനയിച്ചവര്‍ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ്….

Story highlights: Gowri Nandha about Ayyappanum Koshiyum scene