ഞായറാഴ്ച വരെ മഴ തുടരും; കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യത

June 18, 2020
latest weather report

സംസ്ഥാനത്ത് കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ഈ ദിവസങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീ മീറ്റര്‍ വരെ മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കേരള കര്‍ണാടക തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജൂണ്‍ 20 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ജൂണ്‍ 21 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Story highlights: Kerala weather report rain alert