‘ആ വേദന എനിക്കറിയാം’;അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിച്ച് രാജ്യത്തിൻറെ നൊമ്പരമായി മാറിയ കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ് ഖാൻ

June 2, 2020

മുസാഫർപൂരിലെ റെയിൽവേ സ്റ്റേഷനിൽ ‘അമ്മ മരിച്ചതറിയാതെ തട്ടിവിളിച്ചുണർത്താൻ ശ്രമിച്ച ബാലന്റെ വീഡിയോ രാജ്യം നൊമ്പരത്തോടെയാണ് ഏറ്റെടുത്തത്. എല്ലാവരുടെയും നെഞ്ചിലെ നോവായി മാറിയ റഹ്‌മാൻ എന്ന ബാലനെ ഏറ്റെടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. ആ കുഞ്ഞിന്റെ വേദന തനിക്ക് മനസിലാകും എന്നാണ് ഷാരൂഖ് ഖാൻ വ്യക്തമാക്കുന്നത്.

‘ഈ കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും മീര ഫൗണ്ടേഷൻ നന്ദി അറിയിക്കുന്നു. ആ കുഞ്ഞ് അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ എല്ലാവരെയും അസ്വസ്ഥരാക്കി. മുത്തച്ഛന്റെ സംരക്ഷണയിലുള്ള കുട്ടിക്ക് എല്ലാ പിന്തുണയും ഞങ്ങൾ നൽകും’- ഷാരൂഖ് ഖാൻ പറയുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ഷാരൂഖിന് അച്ഛനെ നഷ്ടമായിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് അമ്മയെയും. തന്റെ മാതാപിതാക്കൾക്കൊപ്പം അധികം നാൾ കഴിയാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ഷാരൂഖ് പലപ്പോഴും വ്യക്തമാക്കിയിരുന്നു.

Read More:ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ബീഹാറിലേക്കുള്ള പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു അതിഥി തൊഴിലാളിയായിരുന്ന ആർബിന. അവശയായ ആർബിന സ്റ്റേഷനിൽ മരിച്ച് വീഴുകയായിരുന്നു. റഹ്മാൻ എന്ന മകന് പുറമെ ഫർമാൻ എന്ന നാലുവയസുകാരൻ കൂടിയുണ്ട് ആർബീനക്ക്.

Story highlights-sharukh khan helps toddler who tries to wake his dead mother