24 മണിക്കൂറിനിടെ 519 കൊവിഡ് മരണം, 27,114 പോസിറ്റീവ് കേസുകളും;രാജ്യത്ത് രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു

July 11, 2020
39,742 new Covid cases reported in India

മാസങ്ങള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. രാജ്യത്ത് ഇതുവരെ എട്ടു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

ഇതുവരെ 8,20,916 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരച്ചിരിക്കുന്നത്. ഇവരില്‍ 5,15,386 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 2,83,407 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 22,123 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

Read more: 2.30 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

മഹാരാഷ്ട്രയിലാണ് കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. 2,38,461 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,32,625 പേര്‍ രോഗ മുക്തരായെങ്കിലും 95,943 സജീവ കേസുകളുണ്ട് മഹാരാഷ്ട്രയില്‍. 9,893 പേര്‍ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. ഒരു ലക്ഷത്തിലും അധികമാണ് ഈ സംസ്ഥനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. തമിഴ്‌നാട്ടില്‍ 1,30,261 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,829 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ 1,09,140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 21,146 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Story highlights: Corona Virus India Latest Updates With rising cases