24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 40,425 പേര്‍ക്ക്; 11 ലക്ഷം കടന്ന് രോഗികള്‍

July 20, 2020
new Covid cases

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ഭീതി. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. ദിനംപ്രതി രോഗികളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. 11 ലക്ഷം കടന്നു ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് കൊവിഡ് പ്രതിസന്ധി അതി രൂക്ഷമായ മറ്റ് രണ്ട് രാജ്യങ്ങള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പത്തിനായിരത്തിലും അധികം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 40,425 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേര്‍ക്കാണ് കൊവിഡ് മൂലം രജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 27,497 ആയി. നിലവില്‍ വിവിധ ആശുപത്രികളിലായി 3,90,459 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 7,00,087 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. 3,10,455 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 1,29,032 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 11,854 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 1,70,693 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. 2,481 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3,628 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു ഡല്‍ഹിയില്‍.

Story highlights: Covid Death toll In India Latest Updates