ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചില പൊടികൈകൾ

July 18, 2020

ഭക്ഷണസാധനങ്ങൾ ഏറെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ട അവസരമാണിത്. എന്നാൽ പഴങ്ങളും പച്ചക്കറികളും വേഗം കേടുവന്ന് പോകുന്നതാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. ഫ്രിഡ്ജിൽ വയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളും കേടായി പോകാറുണ്ട്. എന്നാൽ കൃത്യമായ രീതിയിൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടുവരില്ല.

പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കേണ്ട വിധം:

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷം ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പച്ചക്കറികൾ ഉപയോഗിക്കുന്ന കാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. ആദ്യം കേടുവരാൻ സാധ്യതയുള്ള തക്കാളി പോലുള്ള പച്ചക്കറികൾ ആദ്യം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

കറിവേപ്പില ഇതൾ അടർത്തി കവറുകളിൽ ആക്കി സൂക്ഷിക്കാം. അല്ലെങ്കിൽ ഇവ തണ്ടോടെ വെള്ളത്തിൽ മുക്കി വയ്ക്കാം, ആവശ്യാനുസരണം ഇതൾ അടർത്തി എടുക്കാം.

ഫ്രിഡ്ജുകളിൽ വയ്ക്കാത്ത പച്ചക്കറികൾ തണുപ്പുള്ള നിലത്ത് നിരത്തി ഇടാനും ശ്രദ്ധിക്കുക.

മത്സ്യവും മാംസവും കേടുകൂടാതെ സൂക്ഷിക്കേണ്ട വിധം:

മീൻ അല്ലെങ്കിൽ ഇറച്ചി കഴുകി വൃത്തിയാക്കിയശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. കഴുകി വൃത്തിയാക്കി കറിവെക്കാൻ പാകത്തിന് ആക്കിയ മീൻ ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കിയ ശേഷം ഇത് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽവെച്ചശേഷം ആവശ്യാനുസരണം ഇവ എടുത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത മീൻ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തേച്ചുപിടിപ്പിച്ച ശേഷം ബോക്സിൽവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

പൊടിവർഗങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ

അടുക്കളയിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മുളക് പൊടി. മുളകുപൊടി സ്വന്തമായി ഉണ്ടാക്കുന്നവരും നിരവധിയാണ്. എന്നാൽ ദീർഘനാൾ മുളക് പൊടി കേടുവരാതെ സൂക്ഷിക്കുന്നതിനായി പൊടിയിൽ അല്‍പം കായം കട്ട ഇട്ടാല്‍ മതി.

Read also: മനുഷ്യനോട് വെള്ളം ചോദിച്ച് വാങ്ങി കുടിയ്ക്കുന്ന അണ്ണാൻ; കൗതുകമായി അപൂർവ ദൃശ്യങ്ങൾ

പഞ്ചസാര ഉറുമ്പുകയറാതെ സൂക്ഷിക്കാൻ..

നമ്മള്‍ എങ്ങനെയൊക്കെ അടച്ചു സൂക്ഷിച്ചാലും നമ്മുടെ കണ്ണ് വെട്ടിച്ച് പഞ്ചസാര ടിന്നില്‍ ഉറുമ്പുകള്‍ കയറിക്കൂടാറുണ്ട്. എന്നാൽ ഇതിനുമുണ്ട് ലളിതമായ പരിഹാരം. പഞ്ചസാര പാത്രത്തിൽ രണ്ട് ഗ്രാമ്പു ഇട്ടുവെച്ചാൽ ഇവയിൽ ഉറുമ്പ് കയറില്ല.

വെളിച്ചെണ്ണ കനച്ചുപോകാതിരിക്കാൻ

നമ്മള്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ കുറച്ച് നാളു കഴിയുമ്പോഴേയ്ക്കും കനച്ചു പോകാറുണ്ട്. പിന്നീട് ആ വെളിച്ചെണ്ണ ഉപയോഗിക്കാനും പറ്റില്ല. എന്നാൽ വെളിച്ചെണ്ണ കനച്ചുപോകാതിരിക്കാൻ അതിൽ രണ്ട് മണി കുരുമുളക് ഇട്ട് വെച്ചാല്‍ മതി.

Story Highlights: effective remedies to prevent food damage