കണ്ണിന്റെ ആരോഗ്യത്തിന് ശീലമാക്കാം ഈ ഭക്ഷണങ്ങളും
നിർജലീകരണം, ഉറക്കക്കുറവ്, പോഷക കുറവ്, മേയ്ക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത്, കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ ഒക്കെ കണ്ണിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ കണ്ണിന്റെ കാര്യത്തിൽ ഏറെ കരുതൽ വേണം. കണ്ണിന്റെ സംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം എന്നിവ ദിവസേന കഴിക്കുന്നത് വളരെ അത്യുത്തമമാണ്. ഇവ വെള്ളത്തിൽ ഇട്ടുവച്ച ശേഷം പിറ്റേ ദിവസം കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
ക്യാരറ്റ് കണ്ണിന്റെ കാഴ്ചയ്ക്ക് അത്യുത്തമമാണ്. കണ്ണിന്റെ കാഴ്ചക്കുറവിന് കാരണമാകുന്ന ഒന്നാണ് പോഷകാഹാരക്കുറവ്. അതുകൊണ്ടുതന്നെ ധാരാളമായി പച്ചക്കറികൾ കഴിക്കുന്നത് കണ്ണ് സംരക്ഷണത്തിന് ഉത്തമമാണ്. പഴവർഗങ്ങളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതും ധാരാളമായി കഴിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യുത്തമമാണ്.
കണ്ണ് സംരക്ഷണത്തിന് നന്നായി വെള്ളം കുടിക്കുക. നിർജ്ജലീകരണം കാഴ്ചയെ മോശമായി ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ ഉത്തമമാണ്.
മനോഹരമായ കണ്ണുകൾ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിനെ മനോഹരമാക്കാൻ നിരവധി കോസ്മെറ്റിക്കുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ ഇവയൊക്കെ കണ്ണിനെ പലപ്പോഴും മോശമായാണ് ബാധിക്കാറുള്ളത്. അതിനാൽ കണ്ണിനെ കരുതലോടെ സംരക്ഷിക്കണം. കിടക്കുന്നതിന് മുൻപ് കണ്ണിന് നൽകിയ മേക്കപ്പ് നന്നായി കഴുകി വൃത്തിയാക്കണം. തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നതും കണ്ണിന്റെ സൗന്ദര്യം വർധിപ്പിക്കും.
അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങൾ. കണ്ണുകൾക്ക് വിശ്രമം കൊടുക്കാതെയുള്ള ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം. കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നവർ ഇടയ്ക്ക് കണ്ണിന് വിശ്രമം കൊടുക്കണം. സ്ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കരുത്. തുടർച്ചയായി നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കും.
Story Highlights: Foods that are good for your eyes