വിട്ടൊഴിയാതെ കൊവിഡ് ഭീഷണി; രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത് 38000-ല്‍ അധികം പേര്‍ക്ക്

July 19, 2020
new Covid cases

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസംകൊണ്ട് 543 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇതോടെ പത്തര ലക്ഷവും കടന്നു രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. 10,77,618 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,73,379 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 6,77,423 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ 26,816 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

അതേസമയം മഹാരാഷ്ട്ര സംസ്ഥാനത്താണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത്. ഇന്നലെ മാത്രം 8348 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 11,596 പേരാണ് ഇതുവരെ മരണപ്പെട്ടത്. 1,21,582 പേര്‍ക്ക് ഡല്‍ഹിയിലും കൊവിഡ് സ്ഥിരീകരിച്ചു. 3597 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമാണ് 1,65,714 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Story highlights: Highest single day covid cases reported in India