സൂര്യയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു- ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വാടി വാസലി’ൽ വേറിട്ട ലുക്കുമായി സൂര്യ

July 24, 2020

നടൻ സൂര്യയുടെ ജന്മദിനത്തിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നത് സൂര്യ- വെട്രിമാരൻ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ വെട്രിമാരൻ ചിത്രത്തിലെ സൂര്യയുടെ ക്യാരക്ടർ ഡിസൈൻ പോസ്റ്റർ പുറത്തുവിട്ടു.

‘വാടി വാസൽ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കലിപ്പ് ലുക്കിലാണ് സൂര്യ എത്തുന്നത്. ആദ്യമായാണ് സൂര്യ- വെട്രിമാരൻ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ‘വട ചെന്നൈ’ എന്ന ധനുഷ് ചിത്രം സംവിധാനം ചെയ്തത് വെട്രിമാരൻ ആയിരുന്നു. ചിത്രം സൂപ്പർ ഹിറ്റായതോടെ സൂര്യക്കൊപ്പമുള്ള ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

സി എസ് ചെല്ലപ്പൻ എഴുതിയ ‘വാടി വാസൽ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. തമിഴ്‌നാട്ടിൽ പ്രസിദ്ധമായ ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

വർഷങ്ങൾക്ക് മുൻപ് തന്നെ വെട്രിമാരൻ ഈ നോവൽ സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. സൂര്യയുടെ നാല്പതാമത്തെ ചിത്രമായാണ് ‘വാടി വാസൽ’ ഒരുങ്ങുന്നത്.

മാസ് ചിത്രങ്ങളിലാണ് അടുത്ത കാലങ്ങളിലായി സൂര്യയെ കണ്ടിട്ടുള്ളത്. എന്നാൽ ഗ്രാമീണ ജീവിതം പറയുന്ന ‘വാടി വാസൽ’ ആ ഇമേജിന് ഒരു മാറ്റം വരുത്തും.

Read More: സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി സച്ചിൻ തിവാരി

അതേസമയം, സൂര്യയും ഹാരിയും ഒന്നിക്കുന്ന ‘അരുവാ’ എന്ന ചിത്രത്തിന് ശേഷമായിരിക്കും ‘വാടി വാസലി’ന്റെ ചിത്രീകരണം ആരംഭിക്കുക. സൂര്യയും അപർണാ ബാലമുരളിയും ഒന്നിക്കുന്ന ‘സുരരൈ പോട്രു’ കൊവിഡ് പ്രതിസന്ധിക്ക് ശേഷം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

Story highlights-vaadi vaasal movie character poster