ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷം കടന്നു

July 19, 2020
Covid positive Cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ സാധിച്ചിട്ടില്ല. ദിനംപ്രതി വിവിധ രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്നു.

കൊവിഡ് 19 എന്ന മഹാമാരി മൂലം ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇതുവരെ 6,00,345 പേരാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം കൊവിഡ് രോഗബാധിതരുടെ എണ്ണം ഒന്നര കോടിയോളമായി. ഇവരില്‍ 80 ലക്ഷത്തോളം പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പുതിയ കൊവിഡ് കേസുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അരേിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 813 പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 885 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 38 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 20 ലക്ഷത്തിലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പത്ത് ലക്ഷത്തിലധികം കൊവിഡ് ബാധിതരുള്ള ഇന്ത്യയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്.

Story highlights: Worldwide corona virus death toll surpasses 600000