12 വർഷങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിൽ അമ്മ ആന; തുമ്പിക്കൈ കൊണ്ടൊരു സ്നേഹപ്രകടനം

August 26, 2020

മാതൃസ്നേഹത്തിന്റെ ഊഷ്മളമായ നിമിഷങ്ങൾ മനുഷ്യനേക്കാൾ ആഴത്തിൽ പങ്കുവയ്ക്കാൻ സാധിക്കുന്നത് മൃഗങ്ങൾക്കാണ്. കാണുന്നവരുടെ കണ്ണിനെ ഈറനണിയിക്കുന്ന അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ കുട്ടിയാനയെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്ന അമ്മ ആനയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം കാണുമ്പോഴും ഒന്നിച്ച് നിൽക്കാനോ സ്നേഹം പ്രകടിപ്പിക്കാനോ ഈ അമ്മ ആനക്കും മകൾക്കും സാധിക്കുന്നില്ല. രണ്ടു കൂടുകളിലായി നിന്ന് തുമ്പികൈകൊണ്ട് പരസ്പരം സ്പർശിക്കുകയാണ് ഇവർ. പോരി എന്ന 39 വയസുള്ള ആനയും, മകൾ 19 വയസുള്ള ടാനയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രമാണിത്.

അടുത്തിടെയാണ് പോരിയെ ജർമ്മനിയിലെ ഹാലെ പർവത മൃഗശാലയിലേക്ക് കൊണ്ട് വരുന്നത്. അങ്ങനെ വർഷങ്ങൾക്ക് ശേഷം മകളെയും കൊച്ചുമക്കളെയുമെല്ലാം കാണാൻ പോരിക്ക് ഭാഗ്യമുണ്ടായി. ടാന എന്ന ആനക്കൊപ്പം മക്കളും പോരിയുടെ തുമ്പികൈയിൽ സ്പർശിച്ച് സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. മൃഗശാല തന്നെയാണ് അപൂർവ സംഗമത്തിന്റെ കഥ ലോകത്തോട് പങ്കുവെച്ചത്.

Read More: പുഴയിൽ അകപ്പെട്ട രണ്ട് ജീവനുകളെ യുവതികൾ രക്ഷിച്ചത് സാരിത്തുമ്പ് നൽകി; സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങൾ

1981ൽ സിംബാവേ കാട്ടിൽ ജനിച്ച പോരിയെ 1983ലാണ് ജർമ്മനിയിലേക്ക് കൊണ്ടുപോകുന്നത്. ടിയർപാർക്ക് ബെർലിൻ മൃഗശാലയിൽ വെച്ചാണ് പോരി 2001ൽ ആദ്യ ടാനക്ക് ജന്മം നൽകുന്നത്. ചിത്രം ശ്രദ്ധേയമായതോടെ പോരിയെയും ടാനയേയും കാണാൻ ആളുകളുടെ തിരക്കാണ്.