‘ബാഗുകൾ ഒരുക്കി തയ്യാറായിരിക്കൂ’- ഫിലിപ്പീൻസിലും കസാക്കിസ്ഥാനിലും കുടുങ്ങിയവരെ നാട്ടിലേക്കെത്തിക്കാൻ സോനു സൂദ്

August 13, 2020

സിനിമയിൽ വില്ലനാണെങ്കിലും ലോക്ക് ഡൗൺ കാലത്തെ യഥാർത്ഥ നായകനാണ് സോനു സൂദ്. ഒട്ടേറെ സഹായങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് സോനു സൂദിലൂടെ ലഭിച്ചത്. ലോക്ക് ഡൗണിൽ അന്യരാജ്യങ്ങളിലും അന്യസംസ്ഥാങ്ങളിലുമെല്ലാം കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സോനു സൂദ് ചെയ്ത സഹായങ്ങൾ ചെറുതല്ല. ഇപ്പോൾ, ഫിലിപ്പീൻസിൽ നിന്നും കസാക്കിസ്ഥാനിൽ നിന്നും ആളുകളെ ഇനിടയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സോനു സൂദ്.

ആഗസ്റ്റ് പതിനാലിന് ദില്ലിയിൽ നിന്നും ഫിലിപ്പീൻസിലേക്ക് വിമാനമെത്തുമെന്നും കുടുംബത്തോടൊപ്പം ചേരാനായി ബാഗുകൾ ഒരുക്കി തയ്യാറായി ഇരിക്കുവാനും സോനു സൂദ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാം തവണയാണ് സോനു സൂദ് ആളുകളെ ഫിലിപ്പീൻസിൽ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. കസാക്കിസ്ഥാനിൽ നിന്നും നാട്ടിലേക്ക് വരാനുള്ളവരോടും തയ്യാറെടുപ്പുകൾ നടത്താൻ സോനു സൂദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത്  കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് ഏർപ്പെടുത്തിയിരുന്നു താരം. അതിനു പിന്നാലെ കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് വിമാനമാർഗം എത്തിക്കുകയും ചെയ്തിരുന്നു.

Read More:ഓടിടി റിലീസിന് മുൻപ് മുഴുവൻ പാട്ടുകളും പ്രേക്ഷകരിലേക്ക്; ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ജൂക്ബോക്‌സ് എത്തി

അതിനോടൊപ്പം കാളകളെ വാങ്ങാൻ പണമില്ലാത്തതിനാൽ പെൺമക്കളുടെ സഹായത്തോടെ നിലം ഉഴുതുമറിക്കുന്ന കർഷകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കർഷകന് ട്രാക്ടർ അയച്ചുനൽകിയും സോനു സൂദ് മാതൃകയായിരുന്നു. സിനിമയിലധികവും വില്ലൻ വേഷങ്ങളാണെങ്കിലും ജീവിതത്തിൽ നായകനാണെന്ന് ഒട്ടേറെ തവണ അദ്ദേഹം തെളിയിച്ചു.