മഴക്കാലവും കൊവിഡും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

August 12, 2020
covid

മഴക്കാലം നിരവധി രോഗങ്ങളുടെയും കൂടി കാലമാണ്. അതിനിടെ കൊറോണ വൈറസും വ്യാപകമായതോടെ ആരോഗ്യകാര്യത്തിൽ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. കാരണം ഈ കാലഘട്ടം രോഗങ്ങൾ എളുപ്പത്തിൽ പകരാൻ ഇടയുള്ള സമയമാണ്. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും തുടങ്ങി മാസ്ക് ധരിക്കുന്ന കാര്യത്തിൽ വരെ ഇക്കാലഘട്ടത്തിൽ ഏറെ ശ്രദ്ധ അനിവാര്യമാണ്.

മഴക്കാലത്ത് വസ്ത്രങ്ങൾ അലക്കി ഉണങ്ങിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്താൻ കാരണമാകും. അതിനാൽ ഈ ദിവസങ്ങളിൽ കഴിവതും കട്ടികുറഞ്ഞ പോളിസ്റ്റർ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. നനഞ്ഞ വസ്ത്രങ്ങളിൽ വൈറസ് സാന്നിധ്യം തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ നനഞ്ഞ വസ്ത്രങ്ങൾ കഴിവതും പരമാവധി വേഗത്തിൽ മാറ്റാൻ ശ്രദ്ധിക്കണം.

വസ്ത്രധാരണത്തിനൊപ്പം തന്നെ പ്രധാനമാണ് ഇപ്പോൾ മാസ്ക് ധരിക്കുന്നതും. എന്നാൽ നനഞ്ഞ മാസ്ക് ധരിക്കുന്നത് വളരെ അപകടകരമാണ്. പുറത്ത് പോകുമ്പോൾ ഒന്നിലധികം മാസ്കുകൾ കൈയിൽ കരുതണം. മാസ്ക് നനഞ്ഞാൽ അത് ഉടനടി തന്നെ മാറ്റേണ്ടതും അത്യാവശ്യമാണ്. പിന്നീട് കഴുകി ഉണക്കിയ ശേഷം മാത്രം ആ മാസ്കുകൾ ധരിക്കുക. മാസ്കുകൾ കഴുകുമ്പോഴും ഏറെ ശ്രദ്ധ ചെലുത്തണം. അര മണിക്കൂർ എങ്കിലും സോപ്പ് വെള്ളത്തിൽ ഇട്ട് വെച്ച ശേഷം മാത്രം ഇവ കഴുകി എടുക്കുക. പ്ലാസ്റ്റിക്, മെറ്റൽ പ്രതലങ്ങളിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ വൈറസുകൾ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൈയിൽ കെട്ടുന്ന വാച്ച്, വള എന്നിവയിലും വൈറസ് ഇരിക്കാൻ സാധ്യതയുണ്ട്.

Read also: കാഴ്ചയില്ലാത്തവർക്ക് വെളിച്ചം പകർന്ന് ഒരു ജനത; കണ്ണുദാനത്തിന് പേരുകേട്ട കന്യാകുമാരിയിലെ ഗ്രാമം

ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. ചൂടുള്ളതും വേവിച്ചതുമായ ഭക്ഷണം വേണം ഈ ദിവസങ്ങളിൽ കഴിക്കാൻ. അസുഖങ്ങൾ വരാതെ പരമാവധി ശ്രദ്ധിക്കുക. കാരണം വൈറസ് എവിടെ നിന്നാണ് പകരുക എന്നത് നമുക്ക് പറയാൻ സാധിക്കില്ല. അതിനാൽ പരമാവധി ശ്രദ്ധയോടെയും കരുതലോടെയും വേണം ഓരോ ചുവടും വയ്ക്കാൻ.

Story Highlights: tips to avoid common respiratory problems