മഹേഷ് ബാബുവിന്റെ ചലഞ്ചേറ്റെടുത്ത് വിജയ്; കൊവിഡ് കാലത്ത് വീട്ടുമുറ്റത്ത് മരം നട്ട് താരം

August 12, 2020

ചിത്രീകരണ തിരക്കുകളിൽ നിന്നും ഇടവേള ലഭിച്ച ആശ്വാസത്തിലാണ്‌ കൊവിഡ് കാലത്ത് സിനിമാതാരങ്ങൾ. പലരും സമൂഹമാധ്യമങ്ങളിൽ സജീവമായതും ഈ സമയത്താണ്. തമിഴ് നടൻ വിജയ് തന്റെ കൊവിഡ് കാല വിശേഷങ്ങളൊക്കെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ചെന്നൈയിലെ വീട്ടുമുറ്റത്ത് മരങ്ങൾ നടുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വിജയ്.

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ചലഞ്ചേറ്റെടുത്താണ് വിജയ് മരത്തൈകൾ നട്ടത്. ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി മരം നടുന്ന ചിത്രങ്ങൾ വിജയ് തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ആഗസ്റ്റ് ഒൻപതിന് പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി മഹേഷ് ബാബു മരങ്ങൾ നട്ടിരുന്നു. അതിനൊപ്പം തന്നെ വിജയ്‌യെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ മഹേഷ് ബാബു ക്ഷണിക്കുകയും ചെയ്തു. നടി ശ്രുതി ഹാസനെയും മഹേഷ് ബാബു ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് വിജയ്. കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 30 ലക്ഷം രൂപ താരം സംഭാവന നൽകിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷമാണ് വിജയ് നൽകിയത്.

തന്റെ ആരാധകർക്ക് 5000 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ചിരുന്നു വിജയ്. അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കുകയായിരുന്നു. 50 ലക്ഷം രൂപയാണ് വിജയ് ആരാധകര്‍ക്കായി നല്‍കിയത്. ആരാധകർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

Read More: ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

അതേസമയം, ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ‘മാസ്റ്റർ’ എന്ന ചിത്രമാണ് വിജയ്‍യുടെതായി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. ചിത്രത്തിൽ അധ്യാപകന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. നടൻ വിജയ് സേതുപതി വില്ലൻ വേഷത്തിലും എത്തുന്നു. മാളവിക മോഹനനാണ് നായിക.

Story highlights-vijay takes part in mahesh babu’s green india challenge