ജനുവരിയിൽ ‘ഇന്ത്യൻ 2’ പൂർത്തിയാക്കി ഇലക്ഷനിൽ സജീവമാകാൻ തയ്യാറെടുത്ത് കമൽ ഹാസൻ
സംവിധായകൻ ശങ്കറിന്റെ ഇന്ത്യൻ 2 ചിത്രീകരണം സെറ്റിലുണ്ടായ അപകടത്തെ തുടർന്ന് ഫെബ്രുവരിയിലാണ് മാറ്റിവെച്ചത്. പിന്നീട് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രീകരണവും നീണ്ടു. ഇപ്പോൾ ഇന്ത്യൻ 2 ടീം ഷൂട്ടിംഗ് പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ്.2021 ജനുവരിയിൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കാൻ കമൽ ഹാസൻ ടീമിനോട് അഭ്യർത്ഥിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2021 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനുവരി മുതൽ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമൽ ഹാസന്റെ തീരുമാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ കമൽ ഹാസന്റെ പ്രധാന ഭാഗങ്ങൾ ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ ജനുവരിയിൽ പൂർത്തിയാക്കണമെന്നാണ് താരം അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ടെലിവിഷൻ ഷോ അവതാരകനായി താരമെത്തുന്ന പരിപാടിയുടെ ചിത്രീകരണം ഒക്ടോബർ മുതൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ 2 പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് താരം ഷോയിൽ എത്തുന്നതെങ്കിലും അതിനിടയിൽ സിനിമയുടെ ഷൂട്ടിംഗ് ബുദ്ധിമുട്ടാകും.
Read More:ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി അനുശ്രീ; മനോഹര ചിത്രങ്ങൾ
കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ വിവേക് ആദ്യമായി കമൽ ഹാസനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രത്തിൽ ഐശ്വര്യ രാജേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.
Story highlights- kamal hassan plans to complete indian 2 shooting by January