‘വീണ്ടും തമിഴിൽ ഒരു റൊമാന്റിക് കോമഡി ചെയ്യാൻ ആഗ്രഹിക്കുന്നു’- ആരാധകന് മറുപടി നൽകി പൃഥ്വിരാജ്

September 11, 2020

മലയാളികളുടെ പ്രിയതാരമായ പൃഥ്വിരാജ് തമിഴിലും പ്രേക്ഷക പ്രിയങ്കരനാണ്. ഒട്ടേറെ തമിഴ് ചിത്രങ്ങളുടെ ഭാഗമാകാൻ പൃഥ്വിരാജിന് സാധിച്ചു. 2005 ൽ കെ വി ആനന്ദിന്റെ ‘കനാ കണ്ടേൻ’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് തമിഴ് സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് പാരിജാതം, സത്തം പോടാതേ,കണ്ണാമൂച്ചി യെനെടാ, അഭിയും നാനും, കാവ്യ തലൈവൻ എന്നീ ചിത്രങ്ങളിലും പൃഥ്വിരാജ് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.

ആറുവർഷമായി പൃഥ്വിരാജ് ഒരു തമിഴ് ചിത്രം ചെയ്തിട്ട്. ഇപ്പോഴിതാ, ഒരു തമിഴ് ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. മൊഴി പോലെയുള്ള റൊമാന്റിക് കോമഡി ചിത്രങ്ങൾ തമിഴിൽ വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. പൃഥ്വിരാജ് ഈ ചോദ്യം കാണില്ല എന്നാണ് ആരാധകൻ പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം ട്വിറ്ററിൽ ചോദ്യത്തിന് മറുപടി നൽകി. ‘തീർച്ചയായും ഞാൻ വീണ്ടും തമിഴിൽ ഒരു റൊമാന്റിക് കോമഡി ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നു’.

Read More: ‘നല്ല ഇനം വാസു അണ്ണൻ; വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ’- മകനൊപ്പമുള്ള രസകരമായ ചിത്രവുമായി രമേഷ് പിഷാരടി

രാധ മോഹൻ സംവിധാനം ചെയ്ത മൊഴി എന്ന ചിത്രമാണ് തമിഴ് സിനിമാ ലോകത്ത് പൃഥ്വിരാജിനെ പ്രിയങ്കരനാക്കി മാറ്റിയത്. റൊമാന്റിക് കോമഡിയായ ചിത്രത്തിൽ ജ്യോതിക, പ്രകാശ് രാജ്, സ്വർണമാല്യ എന്നിവരും വേഷമിട്ടു. 2007 ൽ പുറത്തിറങ്ങിയ ചിത്രം എല്ലാ ചേരുവകളുമുള്ള മികച്ച എന്റർടൈനറായിരുന്നു. മലയാള സിനിമയിൽ സംവിധായകനായും നിർമ്മാതാവായും നായകനായുമെല്ലാം തിരക്കിലായതിനാലാണ് മറ്റു ഭാഷകളിലേക്ക് പൃഥ്വിരാജ് ശ്രദ്ധ കേന്ദ്രീകരിക്കാത്തത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആടുജിവിതം, കാളിയൻ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ തയ്യാറെടുക്കുകയാണ്.

Story highlights- prithviraj about tamil movie