‘നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇതാ, മറുപടി’-ആരാധകരോട് വിശേഷങ്ങൾ പങ്കുവെച്ച് രശ്‌മിക മന്ദാന

September 21, 2020

ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് രശ്‌മിക. ലോക്ക് ഡൗൺ സമയത്ത് ആരാധകരുമായി സംവദിക്കാനായി താരം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് രശ്‌മിക മന്ദാന.ആരാധകർ അയച്ച എല്ലാ ചോദ്യങ്ങൾക്കും രശ്‌മിക ക്ഷമയോടെ മറുപടി നൽകി. ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണെന്നും തരാം വീഡിയോയിൽ പങ്കുവയ്ക്കുന്നു.

എല്ലാ ദിവസവും ക്യാമറ അഭിമുഖീകരിക്കുന്നത് എല്ലാ ദിവസവും സ്വയം പരിശോധന നടത്തുന്നതിന് തുല്യമാണെന്ന് രശ്‌മിക പറയുന്നു. ‘ഇത് സമ്മർദ്ദമാണെങ്കിലും ഒരു ത്രില്ലും സമ്മാനിക്കുന്നു. ഒരു രംഗത്തിന് ശേഷം നിങ്ങൾക്ക് മുഴുവൻ ടീമിൽ നിന്നുമുള്ള കരഘോഷം ലഭിക്കുന്ന അനുഭവം വളരെ അതിശയകരമാണ്.എത്രയും വേഗം അതിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ’ രശ്‌മിക പറയുന്നു.

സമ്മർദ്ദത്തിലാകുമ്പോൾ എന്താണ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തി. ‘ഞാൻ സമ്മർദ്ദത്തിലായിരിക്കുമ്പോൾ സംഗീതം കേൾക്കുന്നു, നൃത്തം ചെയ്യുന്നു, ധാരാളം ടിവി കാണുന്നു, കൊറിയൻ ചിത്രങ്ങൾ കാണുന്നു, ഒരു ഡ്രൈവിന് പോകുന്നു..അങ്ങനെ നീളും ആ പട്ടിക. അതുപോലെ സ്ട്രെസ് അനുഭവപ്പെടുമ്പോൾ ഐസ്ക്രീം കഴിക്കാനാണ് എനിക്ക് ഇഷ്ടം’- രശ്‌മിക പറയുന്നു.

കന്നഡ സിനിമാ ലോകത്തെ ക്യൂട്ട് താരമാണ് രശ്‌മിക മന്ദാന. തെലുങ്കിലും സജീവമാണ് നടി. കുസൃതിയും കുറുമ്പും നിറഞ്ഞ രശ്‌മികയെ എപ്പോഴും ഒരു പുഞ്ചിരിയോടെയല്ലാതെ കാണാൻ സാധിക്കില്ല. ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടോപ്പം വിരാജ്പേട്ടിലാണ് രശ്‌മിക. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം തന്റെ സിനിമാ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 

അതേസമയം, നീണ്ട ആറുമാസങ്ങൾക്ക് ശേഷം രശ്‌മിക ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങുകയാണ്. അല്ലു അർജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിൽ അഭിനയിക്കാനായി താരം ഹൈദരാബാദിലേക്ക് എത്തി. ഒരു ഗ്രാമീണ പെൺകൊടിയായാണ് രശ്‌മിക ചിത്രത്തിൽ എത്തുന്നത്.

Story highlights- rashmika mandana’s live conversation with fans