വിജയ്‌യുടെ ‘മാസ്റ്റർ’ നേരിട്ട് തിയേറ്റർ റിലീസിന്- വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്

September 23, 2020

വിജയ്‌ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്. ഇപ്പോഴിതാ, ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

‘മാസ്റ്റർ’ ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായാണ് എത്തുന്നത്. ചിത്രം മുൻപ് നേരിട്ട് ഓടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സംവിധായകൻ ലോകേഷ് കനകരാജ് ‘മാസ്റ്റർ’ ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്.

Read More: ജീവിതപ്പാതിയെ ചേർത്തുപിടിച്ച് ജയസൂര്യ; ശ്രദ്ധനേടി സ്നേഹചിത്രം

വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, മാളവിക മോഹനൻ, ശന്തനു, അർജുൻ ദാസ്, എന്നിവരും ‘മാസ്റ്ററി’ൽ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതേസമയം, കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലികമായി ‘കമൽ ഹാസൻ 232’ എന്ന പേരാണ് നൽകിയിരിക്കുന്നത്.

Story highlights- Vijay’s ‘Master’ to release in theatres