കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ തെലുങ്കിലേക്ക്

October 13, 2020

കന്നഡ സിനിമാലോകത്തേക്ക് ആദ്യമായി ദേശീയ ശ്രദ്ധ ക്ഷണിച്ച ചിത്രമായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ സംവിധായകൻ പ്രശാന്ത് നീൽ തെലുങ്കിലേക്ക് ചുവടുവയ്ക്കുന്നുവെന്ന വാർത്തയും ശ്രദ്ധ നേടുകയാണ്. കെജിഎഫ്; ചാപ്റ്റർ 2ന് ശേഷം തെലുങ്കിൽ ചിത്രം ഒരുക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കെജിഎഫ് പൂർത്തിയായതിന് ശേഷം മാത്രമേ പുറത്തുവിടു എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

തെലുങ്കിൽ ജൂനിയർ എൻടിആറുമായും പ്രഭാസുമായും പ്രശാന്ത് നീൽ ചർച്ചകൾ നടത്തിയിരുന്നു. രണ്ടുപേരിൽ ആർക്കൊപ്പമുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്ന് പ്രശാന്ത് നീൽ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ ഇക്കാര്യം ചോദിച്ചിരുന്നു. അതിന് മറുപടിയായി, കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം പൂർത്തിയാക്കിയാൽ മാത്രമേ തന്റെ അടുത്ത ചിത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയൂ എന്ന് കുറിച്ചിരുന്നു.

അതേസമയം, ജൂനിയർ എൻടിആറോ, പ്രഭാസോ നായകനാകുന്ന ചിത്രം 2021ന് ശേഷം മാത്രമേ ആരംഭിക്കാൻ സാധിക്കൂ. കാരണം, ജൂനിയർ എൻ‌ടി‌ആർ നിലവിൽ രാജമൗലി ചിത്രം ‘ആർ‌ആർ‌ആറി’ന്റെ തിരക്കിലാണ്. അതിനുശേഷം, ത്രിവിക്രം ശ്രീനിവാസിനൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കിലേക്ക് ചേക്കേറും.

Read More: മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; ‘800’ മോഷൻ പോസ്റ്റർ ഇന്നെത്തും

രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാധേ ശ്യാമിന് ശേഷം പ്രഭാസ് അഭിനയിക്കുന്നത്. അതേസമയം, കെജിഎഫ്;ചാപ്റ്റർ 2 ചിത്രീകരണം പരിഗമിക്കുകയാണ്. നവംബറോടെ ചിത്രം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Story highlights- KGF director Prashanth Neel will be making his Tollywood debut