മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; ‘800’ മോഷൻ പോസ്റ്റർ ഇന്നെത്തും

October 13, 2020

ശ്രീലങ്കൻ സ്‌പിൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ ‘800’ന്റെ മോഷൻ പോസ്റ്റർ ഇന്നെത്തും. വിജയ് സേതുപതിയാണ് മുത്തയ്യയായി ചിത്രത്തിൽ വേഷമിടുന്നത്. ശ്രീപദി രംഗസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജീഷ വിജയനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നതെന്നാണ് സൂചന.

മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും, മുത്തയ്യ മുരളീധരനും നന്ദി അറിയിക്കുന്നതായും വിജയ് സേതുപതി പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ വിജയ് സേതുപതിയെക്കുറിച്ച് വ്യക്തമാക്കുകയാണ് മുത്തയ്യ മുരളീധരൻ.

‘വിജയ് സേതുപതിയാണ് തന്നെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അത് അദ്ദേഹം തന്നെയായിരിക്കണം എന്നുണ്ടായിരുന്നു. കാരണം, മുഖത്തിന്റെ സവിശേഷതകൾ സമാനമാണ്. അദ്ദേഹം ഒരു നല്ല നടൻ കൂടിയാണ്. വിജയ് ഈ കഥാപാത്രത്തെ വളരെ എളുപ്പത്തിൽ അവതരിപ്പിക്കും. അതിനാൽ അദ്ദേഹം ഇതിന് അനുയോജ്യമാകും’. മുത്തയ്യയുടെ വാക്കുകൾ.

ക്രിക്കറ്റ് തീരെ അറിയാത്ത വിജയ് സേതുപതിക്ക് ഈ വേഷം എങ്ങനെ ചെയ്യാൻ സാധിക്കുമെന്നായിരുന്നു തുടക്കത്തിൽ ആശങ്ക. എന്നാൽ, അതാണ് ആവശ്യം എന്ന് സംവിധായകൻ പിന്തുണ നൽകിയെന്ന് താരം പറയുന്നു. മുത്തയ്യ മുരളീധരൻ നേടിയ 800’ വിക്കറ്റ് എന്ന ചരിത്രനേട്ടത്തെ ആധാരമാക്കിയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

Read More: ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും; ശ്രദ്ധനേടി ഉണ്ണി മുകുന്ദന്റെ നാടൻ ചിത്രങ്ങൾ

ഡാർ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രം അടുത്തവർഷത്തോടെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മാസ്റ്റർ’ എന്ന വിജയ് ചിത്രമാണ് ഇനി വിജയ് സേതുപതിയുടേതായി തിയേറ്ററിൽ എത്താനുള്ളത്.

Story highlights- The motion poster of 800 is being released today