സപ്തതി നിറവിൽ രജിനികാന്ത്; ആശംസകളുമായി താരങ്ങളും ആരാധകരും

December 12, 2020

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജിനികാന്ത് ഇന്ന് തന്റെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ 45 വർഷത്തെ സിനിമാ ജീവിതം പലർക്കും പ്രചോദനമാണ്. നാലു പതിറ്റാണ്ടായി ശക്തനായ നടനായി തുടരുന്ന രജിനികാന്തിന്റെ സിനിമകൾ ബോക്സോഫീസിൽ വൻ വിജയമാണ്. ഒട്ടേറെ സിനിമാപ്രേമികളുടെ ആഗ്രഹം തന്നെ ജീവിതത്തിലൊരിക്കലെങ്കിലും രജിനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നതാണ്. ഇപ്പോഴിതാ,
ആരാധകരും സിനിമാതാരങ്ങളും സപ്തതി നിറവിലുള്ള താരത്തിന് പിറന്നാൾ ആശംസിക്കുകയാണ്.

ഒട്ടേറെപ്പേരാണ് രജിനികാന്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. സംഗീതസംവിധായകൻ എ ആർ റഹ്മാനുൾപ്പെടെ 70 താരങ്ങൾ ചേർന്നാണ് സൂപ്പർസ്റ്റാറിന്റെ കോമൺ ജന്മദിന പ്രൊഫൈൽ ചിത്രം പുറത്തുവിട്ടത്. മലയാള സിനിമയിൽ നിന്നും രജിനികാന്തിന് ഒട്ടേറെ ആശംസകൾ എത്തി. #HBDSuperstarRajinikanth എന്ന ഹാഷ്ടാഗോടെ ദിലീപ് മുതൽ ദുൽഖർ സൽമാൻ വരെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ ആശംസകളറിയിച്ച് രംഗത്തെത്തിയത്.

എല്ലാ വർഷവും രജിനികാന്തിന്റെ പിറന്നാൾ ദിനത്തിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണ അത് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാവാം എന്ന നിഗമനത്തിലാണ് ആരാധകർ. മാത്രമല്ല, അറുപത്തൊമ്പതാം പിറന്നാളിന് ചെന്നൈയിലെ വസതിയിൽ പരമ്പരാഗത ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തവണ, കൊവിഡ് പ്രതിസന്ധി കാരണം ആഘോഷങ്ങൾ ഏതുവിധത്തിലായിരിക്കും എന്ന ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.

Read More: നഷ്ടപ്പെട്ടെന്ന് കരുതിയ ചിത്രം തിരിച്ചുകിട്ടിയ സന്തോഷത്തിൽ സോനം കപൂർ

അതേസമയം, ജനുവരിയിൽ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. കാരണം, തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.സിനിമയിലും രാഷ്ട്രീയത്തിലും രജിനികാന്തിനൊപ്പം പ്രവർത്തിക്കാൻ ആരാധകർ ഒറ്റക്കെട്ടാണ്. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രജിനിയുടെ ആരാധക സംഘടനകളും കൂട്ടായ്മകളും വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story highlights- 70th birthday of rajanikanth