നടൻ രജനീകാന്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 25, 2020

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്തിടെ രജനീകാന്ത് നായകനാകുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാൽ, നാല് അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്.

കൊവിഡ് പരിശോധനയിൽ നടന് നെഗറ്റീവ് ആയിരുന്നുവെങ്കിലും രക്തസമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കടുത്ത ഏറ്റക്കുറച്ചിലുകൾ കാണിക്കുകയും കൂടുതൽ വിലയിരുത്തൽ ആവശ്യവുമുള്ള സാഹചര്യത്തിലാണ് ആശുപത്രിയിൽ തുടരുന്നത്. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് രക്തസമ്മർദ്ദം കുറയുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. രക്തസമ്മർദ്ദവും ഏറ്റക്കുറച്ചിലുകളും കൂടാതെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

രജനീകാന്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ ചിത്രം മകൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സിനിമയുടെ ചിത്രീകരണം നേരത്തെ പാതിവഴിയിൽ മുടങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. രജനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. കീർ‌ത്തി സുരേഷ്, നയൻ‌താര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി‌ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- Superstar Rajinikanth admitted in hospital