തിളക്കമുള്ള ചര്‍മ്മത്തിന് ഭക്ഷണകാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

January 30, 2021
Diet plan for glowing skin

ചര്‍മ്മകാന്തിയും ഭക്ഷണക്രമവും തമ്മില്‍ എന്ത് ബന്ധമെന്ന് ആലോചിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. ഭക്ഷണകാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതാണ് വാസ്തവം. തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ പലരും പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. ചിലരാകട്ടെ ചര്‍മ്മകാന്തിക്കായി നിരവധി ക്രീമുകളുടെ സഹായം തേടുന്നു. മറ്റ് ചിലര്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നു. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടേയും തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ സാധിക്കും.

ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതും ആരോഗ്യകരമാണ്.

അതുപോലെതന്നെ ചര്‍മ്മകാന്തിക്കു വേണ്ടി ഡയറ്റ് പ്ലാനില്‍ ചില വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയിലൊന്നാണ് നെല്ലിക്ക. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്കയുടെ സ്ഥാനം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍. വിറ്റാമിന്‍ സിയും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ ഈ ഘടകങ്ങള്‍ എല്ലാം ചര്‍മ്മം സുന്ദരമാക്കാന്‍ സഹായിക്കുന്നു.

Read more: ദന്തരോഗങ്ങള്‍ പ്രാരംഭത്തിലേ തിരിച്ചറിഞ്ഞ് പരിഹരിക്കാം

നെല്ലിക്ക പോലെതന്നെ ചര്‍മ്മ കാന്തിക്ക് സഹായിക്കുന്ന മറ്റൊന്നാണ് ഓറഞ്ച്. ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ഓറഞ്ച് സഹായിക്കുന്നു. അതുപോലെ തന്നെ കാരറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നു. യുവത്വം നിലനിര്‍ത്താന്‍ മികച്ചതാണ് കാരറ്റ്.

ഓമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തി, കേര, ചെറു മത്സ്യങ്ങള്‍ എന്നിവയിലെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ചയെ ഒരു പരിധിവരെ മറികടക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡി സഹായിക്കുന്നു.

ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നതും ചര്‍മ്മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തൈര് ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക്‌സ് നല്‍കുന്നു. കൂടാതെ ചര്‍മ്മത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാന്‍ തൈര് സഹായിക്കുന്നു.

Story highlights: Diet plan for glowing skin