വെര്‍ച്വല്‍ കോടതിയില്‍ വാദിക്കാനെത്തിയ ‘പൂച്ചവക്കീല്‍’: വൈറല്‍ വീഡിയോ

February 11, 2021
Kitten Zoom Filter Mishap

ഒരു വര്‍ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍ ഓഫീസും ക്ലാസ്മുറികളുമൊക്കെയായി. ഓണ്‍ലൈനിലൂടെയാണ് മീറ്റിങ്ങുകളും ക്ലാസ്സുകളുമെല്ലാം നടക്കുന്നത്.

ഇത്തരം വെര്‍ച്വല്‍ മീറ്റിങ്ങുകളിലും മറ്റും സംഭവിയ്ക്കുന്ന ചില രസക്കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇതുപോലുള്ള ഒരു രസക്കാഴ്ചയാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ജനപ്രിയ വീഡിയോകോളിങ് ആപ്ലിക്കേഷനിലെ ഫീച്ചര്‍ മൂലമുണ്ടായ ഒരു അബദ്ധമാണ് വീഡിയോയില്‍.

Read more: പതിനെട്ടു വർഷം നീണ്ട പിണക്കത്തിന് തിരശീലയിട്ട് ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദി- ഹൃദ്യമായ വീഡിയോ

യുഎസ്സിലെ ഒരു കോടതിയാണ് യുട്യൂബില്‍ ഈ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. സംഭവം ഇങ്ങനെ- ടെക്‌സസിലെ 394-ാമത്തെ ഡിസ്ട്രിക്ട് കോടതിയുടെ കീഴില്‍ ഒരു കേസ് നടക്കുകയാണ്. അതും സൂം ആപ്ലിക്കേഷന്‍ വഴി. എന്നാല്‍ ഒരു വക്കീല്‍ പ്രത്യക്ഷപ്പെട്ടതാകട്ടെ പൂച്ചയുടെ രൂപത്തില്‍. അഭിഭാഷകനായ റോഡ് പോണ്ടനാണ് സൂം ആപ്പിലെ കാറ്റ് ഫില്‍റ്റര്‍ ഓഫാക്കാന്‍ മറന്നത്.

ഏറെ നേരം പരിശ്രമിച്ചിട്ടും അദ്ദേഹത്തിന് ഫില്‍ട്ടര്‍ മാറ്റാന്‍ സാധിച്ചില്ല. ഒടുവില്‍ ജഡ്ജി അനുവദിക്കുകയാണെങ്കില്‍ കോടതി നടപടികള്‍ ആരംഭിയ്ക്കാം എന്നും വക്കീല്‍ പറയുന്നുണ്ട്. ജഡ്ജി അനുവാദവും നല്‍കി. വീഡിയോയിലൂടനീളം ഒരു പൂച്ചയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാണ് വക്കില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്.

Story highlights: Kitten Zoom Filter Mishap