ഭാഗ്യശ്രീയുടെ ‘പട്ടചിത്ര’ പെയിന്റിങ്ങുകള്‍ ശ്രദ്ധേയമായി; അഭിനന്ദിച്ച് പ്രധാനമന്ത്രിയും

February 6, 2021
PM Praises Odisha Girl For Promoting Pattachitra Artform

അതിഗംഭീരമായ കലാവൈഭവങ്ങള്‍ക്കൊണ്ട് അതിശയിപ്പിയ്ക്കാറുണ്ട് പലരും. ഭാഗ്യശ്രീ സഹു എന്ന മിടുക്കിയും പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് തന്റെ കലാമികവുകൊണ്ട്. ഒഡീഷയിലെ റൂര്‍ക്കലയാണ് ഭാഗ്യശ്രീയുടെ സ്വദേശം. ഒഡീഷയിലെ പരമ്പരാഗത ചിത്രകലയായ പട്ടചിത്രയില്‍ ശ്രദ്ധ നേടിയ ഈ മിടുക്കിയെ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ് ഭാഗ്യശ്രീ. ഒരു ഹോബിയായാണ് ചിത്രകലയെ ഈ മിടുക്കി കൂടെക്കൂട്ടിയതും. എന്നാല്‍ പ്രധാനമന്ത്രിയടക്കം അഭിനന്ദനവുമായി എത്തിയതോടെ ഭാഗ്യശ്രീ രാജ്യത്തു തന്നെ ശ്രദ്ധ നേടി. ഒഡീഷയിലും പശ്ചിമബംഗാളിലും പരമ്പരാഗതമായി ചെയ്തുവരുന്ന ചിത്രകലയാണ് പട്ടചിത്ര. പരമ്പരാഗതമായ ഈ ചിത്രകലയ്ക്ക് പ്രചാരണം നല്‍കിയതിനാണ് ഭാഗ്യശ്രീയ്ക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ലഭിച്ചത്.

Read more: കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത രണ്ടര വയസ്സുകാരന്‍

വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ടാണ് ഭാഗ്യശ്രീ പട്ടചിത്രയില്‍ അതിവിദഗ്ധയായത്. കോളജില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ചെറിയ കല്ലുകള്‍ ഈ മിടുക്കി ശേഖരിയ്ക്കും. കല്ലുകളിലാണ് ഭാഗ്യശ്രീ പട്ടചിത്ര പെയ്ന്റിങ് കൂടുതലായി ചെയ്യുന്നത് എന്നതാണ് മറ്റൊരു ആകര്‍ഷണം. ഇത്തരത്തില്‍ കല്ലുകളില്‍ മനോഹരമായി പട്ടചിത്ര പെയിന്റിങ്ങുകള്‍ ചെയ്ത ശേഷം അവ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാറുമുണ്ട് ഇരുപത്തിയേഴ് വയസ്സുകാരിയായ ഭാഗ്യശ്രീ.

കുട്ടിക്കാലം മുതല്‍ക്കേ ചിത്രരചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഭാഗ്യശ്രീ. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്താണ് കൂടുതല്‍ സമയം പട്ടചിത്രയ്ക്കായി മാറ്റിവെച്ചത്. കല്ലുകള്‍ക്ക് പുറമെ ബോട്ടിലുകളിലും മറ്റും പട്ടചിത്ര പെയിന്റിങ്ങുകള്‍ ഈ മിടുക്കി ചെയ്യാറുണ്ട്. പ്രധാനമായും പ്രകൃതിദത്തമായ നിറങ്ങളാണ് പട്ടചിത്ര പെയിന്റിങ്ങിനായി പരമ്പരാഗതമായി ഉപയോഗിയ്ക്കുന്നത്.

Story highlights: PM Praises Odisha Girl For Promoting Pattachitra Artform