കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം നിര്‍ത്തി

April 27, 2021
Solidarity with Covid defense; shooting of 'Kaduva' has stopped

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം.

‘നമ്മുടെ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ‘കടുവ’ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ഞങ്ങള്‍ ചിത്രീകരണം പുനരാരംഭിക്കും.’ എന്ന് സംവിധായകന്‍ ഷാജി കൈലാസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

Story highlights: Solidarity with Covid defense; shooting of ‘Kaduva’ has stopped