ഇന്ത്യയിൽ കൊവിഡ് കേസുകളിൽ കുറവ്; മരണസംഖ്യ ഉയരുന്നു

May 21, 2021
COVID-19 Cases

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. അതുകൊണ്ടുതന്നെ കൊവിഡ് ഭീതിയിലാണ് രാജ്യം. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,59,591 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 പേർ കൊവിഡ് മൂലം മരണപ്പെട്ടു.

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലാണ്. ഇവിടുത്തെ മരണനിരക്കും വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 മരണങ്ങളും, കർണാടകയിൽ 548, തമിഴ്നാട്ടിൽ 397 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടി.

Read also:അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ കൃഷിയിടത്തിലേക്ക്; അവിടെനിന്നും കോടികൾ വരുമാനം നേടുന്ന പാൽക്കച്ചവടക്കാരനിലേക്ക്…

കേരളത്തിലും മരണനിരക്ക് ഉയരുന്നുണ്ട്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 128 പേരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 6852 ആയി. കഴഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 30,491 പേർക്കാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Story Highlights:India reports 2,59,591 new covid cases