ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും: മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ചലച്ചിത്രതാരം

June 24, 2021

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സ്ത്രീധന മരണങ്ങൾ കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സാധാരണ ജനങ്ങളുമുൾപ്പെടെ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം ഗൗരി നന്ദ സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്ത്. സമൂഹത്തിൽ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും എന്നാണ് ഗൗരി നന്ദ കുറിയ്ക്കുന്നത്.

നമസ്കാരം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സർ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ വേറെ ആരോടും പറയാൻ തോന്നിയില്ല കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളിൽ ആണ്.. എനിക്ക് രാഷ്ട്രീയം ഇല്ല, പാർട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെൺകുട്ടി.

സമൂഹത്തിൽ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു.. ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്റെ സഹോദരിയാകാൻ മാത്രം പ്രായമുള്ള പെൺകുട്ടികൾ ജീവനൊടുക്കുന്നത് കാണുമ്പോൾ, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോൾ പറയണം എന്ന് തോന്നി…

സർ നിയമം ആളുകൾ കൈയിൽ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാൻ അനുകൂലിക്കുന്നു. പക്ഷെ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ ഇനിയും നമ്മൾ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം…

സർ തെറ്റ് ചെയ്താൽ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാൽ മാത്രമേ ജീവൻ അതും പെൺകുട്ടികളുടെ ജീവൻ നിലനിൽക്കൂ… എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായകാര്യങ്ങൾ നമ്മൾ കാണേണ്ടിവരും, കേൾക്കേണ്ടിവരും..

മറ്റുള്ള രാജ്യങ്ങൾ തെറ്റ് കണ്ടാൽ കഠിനശിക്ഷ നടപ്പിലാക്കുന്നു.. അപ്പോൾ സമൂഹത്തിന് ജനങ്ങൾക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല.. ഒരു കുറ്റം ചെയ്താൽ അതിന്റ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പിൽ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കിൽ കുറെയേറെ സംഭവങ്ങൾ ഇവിടെ ഇല്ലാതാകും. ഞാനും ഒരു പെൺകുട്ടിയാണ് എന്റെ ജീവിതത്തിൽ നാളെ എന്തുസംഭവിക്കും എന്ന് അറിയില്ല.

കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാൻ ഒറ്റകെട്ടായി നിൽക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവർ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും.! ഗൗരി നന്ദ കുറിച്ചു.

Story highlights: Actress gowri nandha open letter to cm