‘ചരിത്രം മമ്മൂട്ടിയെയല്ല, മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്’: ഷാജി കൈലാസ്

August 6, 2021
Director Shaji Kailas about Mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. 1971 ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 400-ല്‍ അധികം ചിത്രങ്ങളിലൂടെ താരം അഭിനയ വിസ്മയമൊരുക്കി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പ്. നിരവധി ചരിത്ര കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്നതിനാല്‍ ചരിത്രം മമ്മൂട്ടിയെയല്ല, മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത് എന്ന് ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ വാക്കുകള്‍

കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി. എഴുപതുകളില്‍ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികള്‍ കണ്ടു, എണ്‍പതുകളില്‍ ഗള്‍ഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളില്‍ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബല്‍ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മലയാളി ധനികര്‍ക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു.

2010ല്‍ തുടങ്ങിയ ദശകത്തില്‍ മലയാളി കണ്‍സ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയില്‍ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ക്കുള്ള ആദരം കൂടിയായിരുന്നു.

മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മള്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല… മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകന്‍ ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു. മമ്മൂട്ടി നടന്‍ ആകാന്‍ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‌കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുന്‍പില്‍ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു.

Story highlights: Director Shaji Kailas about Mammootty