‘മണ്‍കൂടില്‍ എന്‍ ഓര്‍മപക്ഷി തേടുന്നൊരാകാശം…’: ആസ്വാദകമനം തൊട്ട് കുരുതിയിലെ ആദ്യ വിഡിയോ ഗാനം

August 9, 2021
Mankoodil  video song from Kuruthi Movie

ചില പാട്ടുകളുണ്ട്, ആര്‍ദ്രമായി അവ ആസ്വാദക ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും മനോഹരമായ ഒരു ഗാനമാണ്. കുരുതി എന്ന ചിത്രത്തിലെ മണ്‍കൂടില്‍… എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. കേശവ് വിനോദ് ആണ് ആലാപനം.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്ലറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിഗൂഢതകള്‍ നിറച്ചാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് സൂചന. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Read more: ‘ഉടന്‍പിറപ്പി’ലൂടെ തമഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ആര്യ ദയാല്‍

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Story highlights: Mankoodil  video song from Kuruthi Movie