‘ക്ലൈമാക്‌സിലൊക്കെ എന്തൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചത്, അത്ഭുതപ്പെടുത്തിക്കളഞ്ഞു’ മാമുക്കോയയെക്കുറിച്ച് പൃഥ്വിരാജ്

August 10, 2021
Prithviraj Sukumaran about Mammukoya

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് മാമുക്കോയ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയാനുഭവം പങ്കുവെച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ വാക്കുകളും ശ്രദ്ധ നേടുന്നു. കുരുതി എന്ന ചിത്രത്തിലാണ് ഇരുവരു ഒരുമിച്ചെത്തുന്നത്. മാമുക്കോയയുടെ അര്‍പ്പണ മനോഭാവം വ്യക്തമാക്കുന്നതാണ് പൃഥ്വിരാജിന്റെ വാക്കുകള്‍.

‘ഫാസ്റ്റ് പേസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ക്ഷീണം വരുമോ എന്നൊക്കെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഹി ഈസ് സോ ഷാര്‍പ്പ്. അദ്ദേഹത്തിന്റെ പ്രായം എനിക്കറിയില്ല. എന്തായാലും 75 ന് മുകളിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ പോലും അദ്ദേഹം ഡയലോഗ് മറന്നുപോകുന്നതോ ആക്ഷന്‍ കണ്ട്യുന്യൂറ്റി തെറ്റിക്കുന്നതോ കണ്ടിട്ടില്ല. ക്ലൈമാക്‌സിലൊക്കെ എന്തൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചത്, അത്ഭുതപ്പെടുത്തിക്കളഞ്ഞു അദ്ദേഹം.’ എന്ന് പൃഥ്വിരാജ് പറഞ്ഞു.

Read more: ബോളിവുഡ് ഗാനത്തിന് മനോഹരമായി ചുവടുവെച്ച് ജാപ്പനീസ് പെൺകുട്ടികൾ- വിഡിയോ

ആഗസ്റ്റ് 11 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ കുരുതി പ്രേക്ഷകരിലേക്കെത്തും. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Prithviraj Sukumaran about Mammukoya