കാലാവസ്ഥ സംരക്ഷണത്തിനായി പോരാടി; ബ്രിട്ടീഷ് പ്രൈം മിനിസ്റ്ററിൽ നിന്നും അവാർഡ് നേടി ആറുവയസുകാരിയായ ഇന്ത്യൻ വംശജ

October 8, 2021

വനനശീകരണത്തെയും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെയും കുറിച്ച് ബോധവത്കരണം നടത്തുന്ന ആറ് വയസ്സുള്ള ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രതിദിന പോയിന്റ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചു.

യുകെ ആസ്ഥാനമായുള്ള കൂൾ എർത്തിന്റെ കാലാവസ്ഥാ ആക്റ്റിവിസ്റ്റും മിനി അംബാസഡറുമാണ് അലീഷാ ഗാഡിയ. കൂടാതെ വനനശീകരണം തടയുന്നതിനും പ്രവർത്തിക്കുന്ന ഓർഗനൈസേഷനുവേണ്ടി മൂന്നുലക്ഷത്തിലധികം രൂപയും അലീഷാ സമാഹരിച്ചു.

സ്കൂളിൽ കാലാവസ്ഥാ വ്യതിയാന ക്ലബ്ബ് സ്ഥാപിക്കുകയും, പരിസ്ഥിതിയെ പരിപാലിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും, മാലിന്യ നിർമാർജ്ജനം, മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തതിലൂടെയാണ് അലീഷാ ശ്രദ്ധനേടിയത്.

കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി യുകെയിലെ ഏറ്റവും വലിയ കമ്പനികൾക്കും ഏറ്റവും സ്വാധീനമുള്ള വ്യക്തികൾക്കും നൂറുകണക്കിന് കത്തുകളും ഇമെയിലുകളും എഴുതിയതിനും അലീഷാ ഗാഡിയ ബഹുമതി നേടി.

Read More: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്‌നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ

2014 ൽ ആരംഭിച്ച ബ്രിട്ടീഷ് പ്രൈം മിനിസ്റ്ററുടെ പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിക്കുന്ന 1,755 -ാമത്തെ വ്യക്തിയാണ് അലീഷാ ഗാഡിയ.

Story highlights- 6-year-old Indian-origin girl wins UK PM’s award