‘അണ്ണാത്തെ’ യിൽ രജനികാന്തിനായി ഹിറ്റ് ഗാനങ്ങൾ രചിച്ച വിവേകയും അരുൺ ഭാരതിയും മലയാള സിനിമയിലേക്ക്

December 9, 2021

ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് രജനികാന്ത് നായകനായ അണ്ണാത്തെ.ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ വിജയത്തിൽ ഗാനങ്ങളും നിർണായക പങ്കുവഹിച്ചിരുന്നു. അണ്ണാത്തെ എന്ന ഹിറ്റ് ഡാൻസ് നമ്പറും വാ സാമി എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ സൃഷ്‌ടിച്ച ഓളങ്ങൾ ചെറുതല്ല. ഇപ്പോഴിതാ, ഈ ഗാനങ്ങൾ രചിച്ച വിവേകയും അരുൺ ഭാരതിയും മലയാള സിനിമയിലും സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. ഇരുവരുടെയും ആദ്യ മലയാള ചിത്രമാണ് ‘ഫ്രീസർ നമ്പർ 18’.

സിനിമയ്ക്കായി ഗാനങ്ങൾ രചിക്കാൻ ഇരുവരും കൊച്ചിയിൽ എത്തിയിട്ടുണ്ട്. ‘അണ്ണാത്തെ അണ്ണാത്തെ…’ എന്ന ഗാനമാണ് വിവേക രചിച്ചത്. ‘വാ സാമി…’ എന്ന ഗാനമാണ് അരുൺ ഭാരതി രചിച്ചത്. എം എഫ് ഹുസൈന്റെ അസോസിയേറ്റ് ആയിരുന്ന മനോജ് കെ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഫ്രീസർ നമ്പർ 18’. സിനിമയിലെ രണ്ട് തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതുവാനാണ് വിവേകയും അരുൺ ഭാരതിയും കൊച്ചിയിലെത്തിയത്.

1999-ൽ തമിഴ് സിനിമാരംഗത്ത് ഗാനരചയിതാവായി തുടക്കം കുറിച്ച വിവേക, ‘അണ്ണാത്തെ അണ്ണാത്തെ…’ എന്ന ഗാനത്തിന് പുറമെ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ തമിഴകത്തിന് സാംമ്‌നിച്ചിരുന്നു. മലയാളികളും ഏറ്റുപാടിയിരുന്ന എക്സ്ക്യൂസ്മീ മിസ്റ്റർ കന്തസാമി, എൻ പേരു മീനാകുമാരി, ജുങ്ഗുനുമണി, ഡാഡി മമ്മി വീട്ടിലില്ല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളടക്കം 2500-ൽപരം തമിഴ് ഗാനങ്ങൾക്ക് ഇദ്ദേഹം വരികൾ രചിച്ചിട്ടുണ്ട്. ‘വാ സാമി…’ കൂടാതെ നാഗ നാഗ, മീശ വെച്ച വേട്ടക്കാരൻ തുടങ്ങി നിരവധി പവർപാക്ഡ് ഗാനങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രതിഭയാണ് അരുൺ ഭാരതി. കേരള സിലബസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അരുൺ ഭാരതിയുടെ കവിതയായ ‘ഈമ കലയം’ എന്ന കവിത പാഠ്യവിഷയമാണ്.

‘ഫ്രീസർ നമ്പർ 18’ എന്ന സിനിമയിൽ പ്രത്യാശയെ പ്രമേയമാക്കി സന്ദേശ് പീറ്റർ ചിട്ടപ്പെടുത്തിയ ഒരു ചടുലഗാനത്തിനാണ് വിവേക വരികൾ എഴുതിയിട്ടുള്ളത്. ശങ്കർ മഹാദേവനും സിത്താര കൃഷ്ണകുമാറുമാണ് ഈ ഗാനം ആലപിക്കുന്നത്. ഒരു വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ സുനിൽകുമാർ പികെ സംഗീതസംവിധാനം ചെയ്തിട്ടുള്ള ഒരു ഗാനത്തിനാണ് അരുൺ ഭാരതി വരികൾ എഴുതിയിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നത് ഹരിഛരണും, എംവി മഹാലിംഗവും, ജ്യോത്സനയും ചേർന്നാണ്. ഷാസ് എന്റർടെയ്ൻമെന്റ്സ്, ഇന്ത്യ ഇലിമൻസ്സുമായി സഹകരിച്ച് ഷഫ്റീൻ സിപി നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് ഗാനങ്ങളാണുള്ളത്.

മൂന്നാമത്തെ ഗാനം മലയാളത്തിൽ ഉള്ള ഒരു നാടൻ ഗാനമാണ്. ഈ ഗാനത്തിന്റെ കമ്പോസിംഗ് നടന്നുവരുന്നു. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുനിൽകുമാർ തന്നെയാണ്. മൂന്നാമത്തെ ഗാനത്തിന്റെ രചയിതാവിനെ ഗായകരെയും ഇനിയും തീരുമാനിച്ചിട്ടില്ല എന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം വൈകിയെങ്കിലും മലയാള സിനിമകളുടെ സ്ഥിരം പ്രേക്ഷകരാണ് വിവേകവും അരുൺ ഭാരതിയും. കഥയ്ക്കും കവിതയ്ക്കും പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാളത്തിൽ ഉള്ളതെന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു. അണ്ണാത്തെ സിനിമയിലെ തങ്ങളുടെ ഗാനങ്ങൾ സൂപ്പർഹിറ്റ് ആയതിൽ അതിയായ സന്തോഷമുണ്ടെന്നും, നിരവധി ഗാനങ്ങൾ തമിഴിൽ ഇരുവരുടെയും വരാനിരിക്കുന്നുണ്ടെന്നും, ഫ്രീസർ നമ്പർ 18 സിനിമയുടെ കഥയും ഗാനസന്ദർഭവും സംവിധായകൻ ഫോണിൽ പറഞ്ഞപ്പോൾ മലയാള സിനിമയിലേക്കുള്ള തങ്ങളുടെ അരങ്ങേറ്റ ഓഫർ ഈ സിനിമയിലൂടെ ഏറ്റെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നും ഇരുവരും പറയുന്നു.

Read More: ഹെലികോപ്റ്റർ ദുരന്തം: ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

വരുന്ന മാർച്ച് പകുതിയോടെ പാലക്കാട്-കോയമ്പത്തൂർ പരിസരങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന മിസ്റ്ററി-ത്രില്ലർ ജോണറിലുള്ള ഫ്രീസർ നമ്പർ 18-ൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളുമായും, ബോളിവുഡിൽ നിന്നുൾപ്പെടെയുള്ള പ്രമുഖ ടെക്നീഷ്യൻസുമായും എഗ്രിമെൻറ് ആയിട്ടുണ്ട്.

Story highlights- annathe fame Viveka and Arun Bharathi compose songs for malayalam movie