ചുഴലിക്കാറ്റിലും തളരാതെ ഒരു വീട്, നിർമാണ ചിലവ് നാല് ലക്ഷം രൂപ; അറിയാം മൺമാളികയുടെ പ്രത്യേകതകൾ

December 10, 2021

ശക്തമായ കാറ്റിലും മഴയിലും തകർന്നടിയുന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. എന്നാൽ ചുഴലിക്കാറ്റ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ഒരു മൺ വീടിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ഇരുനിലകളിലായി ഒരുക്കിയിരിക്കുന്ന ഈ മൺവീടിന്റെ നിർമാണ ചിലവ് ഏകദേശം നാല് ലക്ഷം രൂപയാണ്. ആർക്കിടെക്റ്റ് ദമ്പതികളായ സാഗർ ഷിരുഡയും യുഗ അഗാരയുമാണ് ഈ മനോഹരമായ നിർമിതിയ്ക്ക് പിന്നിൽ.

വലിയ രീതിയിൽ മഴ ലഭിക്കുന്ന മഹാരാഷ്ട്രയിലെ ലോണാവാലയിലെ വഗേശ്വർ ഗ്രാമത്തിലാണ് മുളയും മണ്ണും കൊണ്ട് ഈ വീട് ഒരുക്കിയിരിക്കുന്നത്. വലിയ രീതിയിൽ മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സ്ഥലമായതിനാൽ തന്നെ ഈ പ്രദേശത്ത് മണ്ണുകൊണ്ടൊരു വീട് ഉയർന്നുപൊങ്ങിയപ്പോൾ നിർവധി ആളുകളാണ് ഈ വീടിന് സുരക്ഷിതത്വമുണ്ടാകില്ലെന്ന അവകാശവാദവുമായി ഉടമസ്ഥരെ സമീപിച്ചത്. എന്നാൽ ടൗട്ടെ ചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും വരെ അതിജീവിച്ചുകൊണ്ടാണ് ഈ മൺവീട് ആളുകൾക്ക് മറുപടി നൽകിയത്.

Read also: രണ്ട് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ബോളിവുഡ് കാത്തിരുന്ന കത്രീന കൈഫ്- വിക്കി കൗശിൽ വിവാഹ വിശേഷങ്ങൾ

വർഷങ്ങളുടെ പഴക്കമുള്ള നിർമാണ രീതിയാണ് ഈ വീടിന്റെ ചുമരുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. മഴയെയും കാറ്റിനെയും മാത്രമല്ല അമിതമായ ചൂടിനേയും തണുപ്പിനെയും വരെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ നിർമാണം. മണ്ണ്, മണൽ, മരം, ചാണകം, വൈക്കോൽ, പുല്ല്, ക്ലേ തുടങ്ങിയവയാണ് വീടിന്റെ നിർമാണത്തിന് പ്രധാനമായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ. സിമന്റ് ഉപയോഗിക്കാതെ ഒരുക്കിയിരിക്കുന്ന വീടിന് സുർക്കിയും ലൈം സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്.

പ്രകൃതിയോട് കൂടുതൽ ഇണങ്ങിനിൽക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നതിനാൽ വീടിന്റെ നിർമാണ ചിലവും കുറവാണ്.

Story highlights: mud house for just 4-lakhs