‘ടൈറ്റൻസായി’ കരുത്ത് കാട്ടാൻ അഹമ്മദാബാദ്; ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ടീമിന്റെ പേര് പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി

February 11, 2022

മാർച്ച് അവസാനത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കെ പേര് പ്രഖ്യാപിച്ച് പുതിയതായി ടൂർണമെന്റിലെത്തിയ അഹമ്മദാബാദ് ടീം. ഐപിഎൽ മെഗാ താരലേലത്തിന് തൊട്ട് മുൻപാണ് ഫ്രാഞ്ചൈസി ടീമിന്റെ പേര് പ്രഖ്യാപിച്ചത്. സിവിസി ക്യാപ്പിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടീമിന് ‘ഗുജറാത്ത് ടൈറ്റന്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർതാരം ഹാര്‍ദിക് പാണ്ഡ്യയാണ് അഹമ്മദാബാദിന്റെ നായകൻ. 15 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറെ അഹമ്മദാബാദ് ടീമിലെത്തിച്ചത്. ഇതാദ്യമായാണ് ഹാർദിക് ഒരു ഐപിഎൽ ടീമിന്റെ നായകനാവുന്നത്. ഇതോടൊപ്പം അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനെയും ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരുന്നു. റാഷിദിനെ 15 കോടിക്കും ഗില്ലിനെ 8 കോടിക്കുമാണ് ടീമിലെത്തിച്ചത്.

മുൻ ഇന്ത്യൻ സൂപ്പർതാരം ആശിഷ് നെഹ്റ അഹമ്മദാബാദ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോൾ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേര്‍സ്റ്റനാണ് ടീമിന്റെ ബാറ്റിങ് പരിശീലകൻ.

Read More: അധ്യാപികയായി ഐശ്വര്യ ലക്ഷ്മി; ‘അർച്ചന 31 നോട്ടൗട്ട്’ പ്രേക്ഷകരിലേക്ക്

അതേ സമയം സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് ഐപിഎലിലെ മറ്റൊരു പുതിയ ടീമായ ലഖ്‌നൗവിനെ സ്വന്തമാക്കിയിരുന്നു. 7090 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി ടീമിന്റെ പേരും ലോഗോയും നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ‘ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ടീം നേരത്തെ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലമാണിത്. രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെയും ജയന്റ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. പത്തുടീമുകളാണ് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നത്. 90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ഫ്രാഞ്ചൈസികൾക്കും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്.

Story Highlights: Ahmedabad IPL team is named ‘Gujarat Titans’