“ഗുജറാത്തി നായകനായതിൽ അഭിമാനം”; ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ സന്തോഷം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

February 11, 2022

സ്വന്തം നാട്ടിലെ ഐപിഎൽ ടീമിന്റെ നായകനായത് അഭിമാനകരമായ നേട്ടമെന്ന് ഇന്ത്യൻ സൂപ്പർതാരവും അഹമ്മദാബാദിൽ നിന്നുള്ള ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനും കൂടിയായ ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് എന്ന പേര് ടീമിന് ഏറെ യോജിച്ചതാണെന്നും ഗുജറാത്തിനെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും താരം പറഞ്ഞു.

“പേര് ഗംഭീരമാണ്. അതിന് സ്വാധീനമുണ്ട്. അത് നമ്മിലെ യഥാർത്ഥ ഗുജറാത്തിയെ പ്രതിനിധീകരിക്കുന്നു. ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. എന്റെ കുടുംബവും സന്തോഷത്തിലാണ്” – ഇന്ത്യൻ ദേശീയ ടീമിലെ ഓൾറൗണ്ടർ കൂടിയായ പാണ്ഡ്യ പറഞ്ഞു. 15 കോടി രൂപയ്ക്കാണ് പാണ്ഡ്യയെ അഹമ്മദാബാദ് ടീമിലെത്തിച്ചത്. ഇതാദ്യമായാണ് ഹാർദിക് ഒരു ഐപിഎൽ ടീമിന്റെ നായകനാവുന്നത്. ഇതോടൊപ്പം അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനെയും ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരുന്നു. റാഷിദിനെ 15 കോടിക്കും ഗില്ലിനെ 8 കോടിക്കുമാണ് ടീമിലെത്തിച്ചത്.

മുൻ ഇന്ത്യൻ സൂപ്പർതാരം ആശിഷ് നെഹ്റ അഹമ്മദാബാദ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോൾ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേര്‍സ്റ്റനാണ് ടീമിന്റെ ബാറ്റിങ് പരിശീലകൻ.

Read More: ആലിയയുടെ ഗംഗുഭായിയെ അനുകരിച്ച് കുഞ്ഞ് കിയാര, അതിശയിപ്പിക്കുന്ന ഭാവാഭിനയമെന്ന് സോഷ്യൽ മീഡിയ

അതേ സമയം സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് ഐപിഎലിലെ മറ്റൊരു പുതിയ ടീമായ ലഖ്‌നൗവിനെ സ്വന്തമാക്കിയിരുന്നു. 7090 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി ടീമിന്റെ പേരും ലോഗോയും നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ‘ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ടീം നേരത്തെ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലമാണിത്. രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെയും ജയന്റ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

Story Highlights: Hardik Pandya is proud to be Gujarat Titans Captain