സദാസമയവും ആവിപറക്കുന്ന തടാകത്തിന് പിന്നിൽ…

February 5, 2022

ആവി പറക്കുന്ന തടാകമോ…? തലക്കെട്ട് വായിച്ചവരിൽ പലരും സംഗതി പിടികിട്ടാതെ ഇപ്പോൾ തലപുകയ്ക്കുന്നുണ്ടാകും. എങ്കിൽ അധികമൊന്നും ആലോചിക്കണ്ട മുഴുവൻ സമയവും ആവി പറക്കുന്ന ഒരു നദിയുണ്ട്, ന്യൂസിലൻഡിലെ വൈമാൻഗു താഴ്വരയിലാണ് പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ നിറഞ്ഞ ഈ നദിയുള്ളത്. ഫ്രൈയിങ് പാൻ തടാകം എന്നാണ് ഈ തടാകത്തിന്റെ പേര്.

ലോകത്തിലെതന്നെ ഏറ്റവും ചൂടുള്ളതും അസിഡിക് സ്വഭാവമുള്ളതുമായ ജലമാണ് ഈ തടാകത്തിലേത്. 50- 60 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ താപനില. ഇത്തരത്തിൽ ഒരു തടാകം ഇവിടെ രൂപപെട്ടതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരു വലിയ അഗ്നിപർവ്വത സ്ഫോടത്തിന്റെ ഫലമായുണ്ടായതാണ് ഈ ഫ്രൈയിങ് പാൻ തടാകം. താരാവേര അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയോടെ ഈ താഴ്വരയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറി. പൊട്ടിത്തെറിയ്ക്ക് ശേഷം ഇവിടെ നിരവധി ചൂടുനീരുറവകൾ പ്രത്യക്ഷപ്പെട്ടു. ഇക്കൂട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉഷ്ണജല പ്രവാഹമാണ് ഈ തടാകം.

Read also: അപ്രതീക്ഷിതമായി റോഡരികിൽ കണ്ടെത്തിയ സ്വർണ ക്യൂബ്, 87 കോടി വിലമതിക്കുന്ന സമ്മാനത്തിന് പിന്നിൽ…

അതേസമയം, 1917 ൽ വീണ്ടും ഒരു വലിയ പൊട്ടിത്തെറി ഉണ്ടായതിന്റെ ഫലമായാണ് ഈ തടാകത്തിന് ഇപ്പോൾ കാണുന്ന രൂപം ലഭിച്ചത്. ഏകദേശം 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട് ഈ തടാകത്തിന്. 18 മുതൽ 60 അടി വരെ താഴ്ചയുമുണ്ട് ഈ തടാകത്തിന്. എപ്പോഴും ഈ തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും പുക ഉയരാറുണ്ട്. കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ് ഈ തടാകത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത്. തടാകത്തിന് ചുറ്റിലും സിലിക്ക ഘടനകളും ധാതു നിക്ഷേപങ്ങളുടെ വർണ്ണാഭമായ പ്രതലങ്ങളും ഇവിടെത്തുന്നവരെ ആകർഷിക്കുന്ന കാഴ്ചകളാണ്.

Story highlights: hot spring lake in new zealand