ഐപിഎല്ലിൽ ഗ്രൂപ്പുകളായി; ചിരവൈരികളായ മുംബൈയും ചെന്നൈയും എതിർഗ്രൂപ്പുകളിൽ

February 26, 2022

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. നേരത്തെ ഐപിഎല്ലിന്റെ പുതുക്കിയ തീയതികളും വേദികളും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26 നാണ് ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക.

ഇപ്പോൾ ഈ സീസണിലെ ഐപിഎല്ലിന്റെ ഫിക്സ്ചർ പുറത്തുവന്നിരിക്കുകയാണ്. രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. മുൻ ചാമ്പ്യൻസും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ആരാധകരുമുള്ള ചെന്നൈ, മുംബൈ ടീമുകൾ രണ്ട് ഗ്രൂപ്പുകളിലാണ്. മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് യിലും ചെന്നൈ ഗ്രൂപ്പ് ബിയിലുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ചെന്നൈക്കൊപ്പം ഗ്രൂപ്പ് ബിയില്‍. റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി എന്നൊക്കെ പരിശോധിച്ചാണ് ടീമുകളുടെ റാങ്ക് തീരുമാനിച്ചത്.

മത്സരങ്ങളും ഇത്തവണ വ്യത്യസ്തമാണ്. പ്രാഥമിക റൗണ്ടില്‍ ഒരു ടീം 14 മത്സരങ്ങളാണ് കളിക്കുക. ഗ്രൂപ്പിലുള്ള ടീമുകള്‍ പരസ്പരം രണ്ട് തവണ നേര്‍ക്കുനേര്‍ വരും. എതിർ ഗ്രൂപ്പില്‍ ഓരേ റാങ്കിലുള്ള ഒരു ടീമിനോട് രണ്ട് മത്സങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരം വീതവും കളിക്കും.

Read More: ‘എനിക്ക് ജീവിതകാലത്തെ വിലയേറിയ ആദ്യകാല ഓർമ്മകൾ സമ്മാനിച്ച ചിത്രം’- ‘റൺ’ സിനിമയുടെ ഓർമ്മകളിൽ മീര ജാസ്മിൻ

ഇത്തവണ മത്സരങ്ങൾക്ക് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിർദേശം കൂടി തേടിയിട്ടേ അവസാന തീരുമാനമുണ്ടാവൂ.

Story Highlights: IPL fixture out