ലോഗോ പുറത്തുവിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; ഇനി നോട്ടം ഐപിഎൽ മെഗാ താരലേലത്തിലേക്ക്

February 1, 2022

മാർച്ച് അവസാനത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കെ ഇത്തവണ അരങ്ങേറ്റത്തിനൊരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ലോഗോ പുറത്തുവിട്ടു. ഇന്ത്യയുടെ പൈതൃകവുമായി ഏറെ അടുപ്പമുള്ള ലോഗോയാണിതെന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവകാശപ്പെടുന്നത്. പുരാണത്തിലെ ഗരുഡന്റെ രൂപത്തോട് സാദൃശ്യം പുലര്‍ത്തുന്ന രീതിയിലാണ് ലോഗോയുടെ ഡിസൈന്‍.

ഇന്ത്യന്‍ പതാകയില്‍ നിന്നാണ് ലോഗോയുടെ നിറം തിരഞ്ഞെടുത്തിരിക്കുന്നത്. പതാകയിലെ ത്രിവര്‍ണനിറമാണ് ചിറകുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ബാറ്റ് ക്രിക്കറ്റിനെയും ചുവന്ന നിറത്തിലുള്ള പന്ത് ജയതിലകത്തെയും സൂചിപ്പിക്കുന്നുവെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വ്യക്തമാക്കി.

സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്. ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിഫലമാണിത്. രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെയും ജയന്റ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

Read More: മലയാളി പ്രേക്ഷക ഹൃദയങ്ങൾ കവർന്ന ‘അയ്യപ്പനും കോശിയും’ ‘ഭീംല നായക്’ ആവുമ്പോൾ…

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് താരലേലം നടക്കുക. പത്തുടീമുകളാണ് ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നത്. 90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ടീമുകളായ ലഖ്‌നൗവിനും അഹമ്മദാബാദിനും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്.

Story Highlights: Lucknow Super Giants unveil their logo