30 വർഷത്തോളം ആരുമറിയാതെ കാട്ടിൽ, 79 കാരന്റെ ജീവിതം ലോകമറിഞ്ഞതിന് പിന്നിൽ…

February 21, 2022

മുപ്പത് വർഷത്തോളം കാട്ടിൽ താമസിക്കുക, അതും ആരുമറിയാതെ… കേൾക്കുമ്പോൾ അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും ആരുമറിയാതെ കാട്ടിൽ മുപ്പത് വർഷം ജീവിച്ച ഒരു 79 കാരനെക്കുറിച്ചുള്ള ന്യൂസാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ രീതിയിൽ വാർത്തയാകുന്നത്. സംഗതി ലോകത്തിലെ തന്നെ ഏറ്റവും നഗരവത്കരിക്കപ്പെട്ട ഇടമായ അങ്ങ് സിംഗപൂരിലാണ്.

ഓ ഗോ സെങ് എന്ന വൃദ്ധന്റെ കഥ ലോകം അറിഞ്ഞത് അടുത്തിടെയാണ്. കാട്ടിൽ താമസമാക്കിയ ഓ ഗോ സെങ്, തന്റെ കൃഷിയിൽ വിളവെടുപ്പ് നടത്തി അതിൽ നിന്നും ലഭിക്കുന്ന വിളകളുമായി നാട്ടിൽ പോയി ആണ് വില്പന നടത്തുന്നത്. എന്നാൽ കഴിഞ്ഞ ക്രിസ്‌മസ്‌ ദിനത്തിൽ അദ്ദേഹം തന്റെ കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറികളും പഴങ്ങളും വില്പന നടത്തുന്നത് ഒരു ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ലോകം അറിഞ്ഞ് തുടങ്ങിയത്.

ലൈസൻസ് ഇല്ലാതെ വഴിയരികിൽ കച്ചവടം നടത്തുന്നു എന്നാരോപിച്ചാണ് ഓ ഗോയെ പൊലീസ് തടഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ചാരിറ്റി പ്രവർത്തക വിവിയൻ പാൻ അദ്ദേഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചു, പാവപ്പെട്ട ആ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് പങ്കുവെച്ച വിവിയൻ, എന്നാൽ അദ്ദേഹത്തിന്റെ കച്ചവടം നിയമവിരുദ്ധമായതിനാൽ തങ്ങൾക്ക് അതിൽ ഇടപെടാൻ കഴിയില്ലല്ലോ എന്നും കുറിപ്പിൽ പങ്കുവെച്ചു.

അതേസമയം വിവിയൻ പങ്കുവെച്ച കുറിപ്പ് വൈറലായതോടെ എംപി ലിയാങ് എങ്ഹ്വാ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമവും തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ മുപ്പത് വർഷമായി ആരാലും ശ്രദ്ധിക്കപ്പെടാതെ കാടിനുള്ളിൽ താമസമാക്കിയ ഓയെക്കുറിച്ചുള്ള വാർത്തകൾ ലോകം അറിഞ്ഞത്. അതേസമയം കുടുംബത്തോടൊപ്പം ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഇവരുടെ കുടുംബം വലിയ കെട്ടിടങ്ങൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്നും കുടിയിറക്കപ്പെട്ടവരാണ്. ഇതിൽ പലർക്കും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു, എന്നാൽ ഓ ഗോയ്ക്ക് അത് ലഭിച്ചില്ല, അങ്ങനെ വീട് ഇല്ലാതായതോടെ അദ്ദേഹം തന്നെ തനിക്കായി അന്തിയുറങ്ങാൻ കണ്ടെത്തിയതാണ് ഈ ഇടം.

ഈ കഥ ലോകം അറിഞ്ഞതോടെ ഓയ്ക്കും കുടുംബത്തിനും ജീവിക്കാനായി സ്വന്തമായി ഒരു വീട് പ്രാദേശിക എംപി നിർമിച്ച് നൽകി.

Story highlights; man lived in Singapore forest for 30 years