നായകനായി അവതരിച്ച് എംബപ്പെ; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയലിന് മേൽ പിഎസ്ജിയുടെ ആധിപത്യം

February 16, 2022

ചാമ്പ്യൻസ് ലീഗിലെ വമ്പൻമാരുടെ പോരാട്ടമായിരുന്നു റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള പ്രീക്വാർട്ടർ പോരാട്ടം. സമനിലയിലാവും എന്ന് തോന്നിയ കളിയിൽ അപ്രതീക്ഷിത നായകനായി അവതരിച്ചത് ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. സൂപ്പർതാരം ലയണൽ മെസ്സി പെനൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിലാണ് കിലിയൻ എംബപ്പെ തകർപ്പൻ ഗോളുമായി പിഎസ്ജിയുടെ രക്ഷകനായത്. ഈ ഒരു ഗോളിന്റെ ബലത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരം പിഎസ്ജി 1–0 ന് ജയിച്ചു.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ പിഎസ്ജിയെ ഉജ്വല ഫോമിൽ കളിച്ച ഗോൾകീപ്പർ തിബോ കുർട്ടോയുടെ സേവുകളുടെ ബലത്തിൽ ഇൻജറി ടൈം വരെ റയൽ പിടിച്ചുകെട്ടിയതാണ്. എന്നാൽ, ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ താരം നെയ്മറിന്റെ പാസിൽനിന്ന് എംബപ്പെ ലക്ഷ്യം കണ്ടു. കഴിഞ്ഞ നവംബറിനുശേഷം ആദ്യമായി കളത്തിലെത്തിയ നെയ്മറിന്റെ പ്രകടനവും പിഎസ്ജിയുടെ വിജയത്തിൽ നിർണായകമായി.

പ്രീക്വാർട്ടറിന്റെ രണ്ടാം പാദം റയൽ മഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യുവിൽ മാർച്ച് ഒൻപതിന് നടക്കും. ഇതുവരെ ചാംപ്യൻസ് ലീഗ് ജേതാക്കളായിട്ടില്ലെന്ന നാണക്കേട് മാറ്റാനുറച്ചാണ് ഇത്തവണ പിഎസ്ജിയുടെ മുന്നേറ്റം.

Read More: ഹൃദയം കവർന്ന് മനോഹരമായൊരു മെലഡി-ഉപചാരപൂർവം ഗുണ്ട ജയനിലെ ഗാനം

മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ബെർണാഡോ സിൽവയുടെ ഇരട്ടഗോളും, റിയാദ് മെഹ്റെസ്, ഫിൽ ഫോഡൻ, റഹിം സ്റ്റെർലിങ്, എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ, മാർച്ച് 16 ന് സിറ്റിയുടെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിന്റെ ഫലം ഏറെക്കുറെ അപ്രസക്തമായി.

Story Highlights: Mbappe scores winning goal for PSG against Real Madrid