പതിനഞ്ചാം വയസിൽ കാൻസർ കവർന്നെടുത്ത കാൽ, നിശ്ചയദാർഢ്യം കൊണ്ട് ലോകറെക്കോർഡും വാരിക്കൂട്ടി കെല്ലി

February 19, 2022

സമൂഹമാധ്യമങ്ങൾ ആളുകൾക്കിടയിൽ സജീവമായതോടെ കൗതുകം നിറഞ്ഞതും രസകരമായതുമായ നിരവധി കഥകൾക്കും കാഴ്ചകൾക്കുമാണ് ലോകം സാക്ഷികളാകുന്നത്. ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന ചില കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടരും, ചിലപ്പോൾ ഒരു ചെറുപുഞ്ചിരിയും ചുണ്ടിൽ വിരിയും. അത്തരത്തിലുള്ള നിരവധി കഥകൾ ഇതിനോടകം നാം കേട്ടുകഴിഞ്ഞു.

അപ്രതീക്ഷിതമായി കടന്നു വരുന്ന അപകടങ്ങൾ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കുന്നവരാണ് ജീവിതത്തിലെ യഥാർത്ഥ ഹീറോകൾ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് കെല്ലി കാര്‍ട്ട്‌റൈറ്റ് എന്ന ധീരയായ പെൺകുട്ടി. നടന്നുനീങ്ങിയ വഴിയിൽ തടസങ്ങൾ വന്നപ്പോൾ തളർന്നുനിൽക്കാതെ പുതിയ വഴികളെ തേടിപോയവളാണ് കെല്ലി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്കിടയിലാണ് കെല്ലിയെ തേടി കാൻസർ എന്ന വില്ലൻ എത്തിയത്. പതിനഞ്ചാം വയസിൽ കെല്ലിയുടെ ഒരു കാൽ കാൻസർ കവർന്നെടുത്തു. ലോകം മുഴുവൻ അവളെ സഹതാപത്തിന്റ കണ്ണുകളിലൂടെ നോക്കിയപ്പോൾ ഇനിയെന്ത്…എന്ന സംശയങ്ങളും ആശങ്കകളും ആ കൊച്ചു പെൺകുട്ടിയിലും ഉടലെടുത്തു. എന്നാൽ ആരുടെയും സഹതാപം ഏറ്റുവാങ്ങാനുള്ളതല്ല തന്റെ ജീവിതമെന്ന് ഉറച്ചു വിശ്വസിച്ച കെല്ലി പിന്നീടങ്ങോട്ട് ജീവിതം പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Read also: സിബിഐ അഞ്ചാം ഭാഗം സെറ്റിലേക്ക് സൗബിൻ സാഹിർ, വില്ലനാണോയെന്ന് ആരാധകർ, ഇഷ്ടനടനെന്ന് സംവിധായകൻ

നെറ്റ് ബോൾ എന്ന തന്റെ ഇഷ്ട കായികവിനോദത്തിന് ഇതോടെ അവസാനമായി എന്ന് കരുതിയ കെല്ലി കൃത്രിമ കാൽ സ്വന്തമാക്കിയതോടെ തനിക്ക് നഷ്ടപെട്ട ഓരോന്നിനെയും വീണ്ടെടുക്കാൻ തുടങ്ങി. ഈ കാലുമായി കെല്ലി തന്റെ നെറ്റ് ബോൾ കളത്തിലേക്ക് വീണ്ടും മടങ്ങിവരവ് നടത്താൻ തീരുമാനിച്ചു. എന്നാൽ ഇത് അസാധ്യമെന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് സ്പോർട്സ് ഇനങ്ങളിലേക്ക് കെല്ലി ഇറങ്ങി. 100 മീറ്റർ ഓട്ടത്തിലും ലോങ്ങ് ജമ്പിലും പരിശീലനം ആരംഭിച്ച കെല്ലി മൗണ്ട് കിളിമഞ്ചാരോ എന്ന പർവ്വതവും കീഴടക്കി. ഒറ്റക്കാലിൽ പർവതം കീഴടക്കിയ ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് കെല്ലി. ഇതിന് ശേഷം ഒറ്റക്കാലിൽ ഓടിയും ചാടിയും നിരവധി റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് കെല്ലി.

Story highlights: Meet world record holder and gold medalist Kelly Cartwright