‘എനിക്ക് സഹിക്കാൻ പറ്റുന്നില്ല..’- ലളിതാമ്മയുടെ ഓർമകളിൽ നവ്യ നായർ

February 23, 2022

കെപിഎസി ലളിതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കുകയാണ് സിനിമാതാരങ്ങൾ. എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനും പങ്കുവയ്ക്കാനും ബാക്കിയാക്കിയാണ് അതുല്യ കലാകാരി വിടപറഞ്ഞത്. ഇപ്പോഴിതാ, നടി നവ്യ നായർ കെപിഎസി ലളിതയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്.

നവ്യ നായരുടെ വാക്കുകൾ..

‘എന്റെ ലളിതാന്റി.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. അങ്ങേയറ്റം ആന്റിയെ മിസ് ചെയ്യും… ഒരുത്തിയിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ.., ”നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര’ ഇനി അതു പറയാൻ ലളിതാന്റി ഇല്ല. എന്റെ സഹപ്രവർത്തകയല്ല, സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ, നിശ്ശബ്ദയായി പോകുന്നു.. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം.. അതങ്ങനെ തന്നെ നടന്നു..’.

ഭാവങ്ങളുടെ സാഗരം വഹിക്കാൻ കഴിയുന്ന മുഖവും കഥാപാത്രങ്ങളെ അനശ്വരമാക്കാൻ കഴിയുന്ന ശബ്ദവുമാണ് കെപിഎസി ലളിത. മലയാള സിനിമയിലെ സമാനതകളില്ലാത്ത അഭിനേതാവായിരുന്നു അവർ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 500 ലധികം സിനിമകൾ ചെയ്ത നടി 73 ആം വയസ്സിലാണ് അന്തരിച്ചത്.

Read Also: ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’- കെപിഎസി ലളിതയുടെ ഓർമകളിൽ താരങ്ങൾ

അഭിനയത്തിന്റെ എല്ലാ വിഭാഗങ്ങളിലും പരീക്ഷണം നടത്തിയ നടിയാണ് കെപിഎസി ലളിത. ഓരോ മലയാളി സിനിമാ പ്രേമികളുടെയും ഹൃദയത്തിൽ തനിക്കൊരു പ്രത്യേക സ്ഥാനം ലളിതാമ്മ സൃഷ്ടിച്ചു. കടക്കത്തറയിൽ വീട്ടിൽ കെ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി ജനിച്ച നടിയുടെ യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. 10-ാം വയസ്സിൽ ഒരു നാടക കലാകാരിയായി പ്രവർത്തിക്കാൻ തുടങ്ങിയ ലളിത പിന്നീട് കെപിഎസിയുടെ ഭാഗമായി. ‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘അനുഭവങ്ങൾ പാളിച്ചകൾ, ‘മൂലധനം’ തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ കെപിഎസി ലളിത പ്രത്യക്ഷപ്പെട്ടു.

Story highlights-navya nair about kpac lalitha