സെഞ്ചുറിയടിക്കാൻ ടീം ഇന്ത്യ; ശ്രീലങ്കക്കെതിരെ ഇന്ന് ജയിച്ചാൽ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പെരുമഴ

February 26, 2022

ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴ തന്നെയാണ്. ടി 20 ക്രിക്കറ്റില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

പാകിസ്ഥാന്‍ മാത്രമാണ് 100 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ടീം. 189 മത്സരത്തില്‍ നിന്ന് 117 ജയവും 64 തോല്‍വിയുമാണ് പാകിസ്ഥാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 157 മത്സരത്തില്‍ നിന്ന് 99 ജയമാണ് ഇതുവരെ നേടിയത്. 51 മത്സരം തോല്‍ക്കുകയും ചെയ്തു. ഇന്ന് ജയിച്ചാല്‍ ടി 20യില്‍ 100 ജയമെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കാവും. 85 ജയവുമായി ദക്ഷിണാഫ്രിക്ക മൂന്നാമതും 82 ജയവുമായി ഓസ്ട്രേലിയ നാലാമതുമുണ്ട്. 78 വിജയങ്ങളുള്ള ന്യൂസിലൻഡാണ് അഞ്ചാം സ്ഥാനത്തുള്ളത്.

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതൽ ടി 20 മത്സരങ്ങളിൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡില്‍ ന്യൂസിലന്‍ഡിനൊപ്പമെത്താനും ഇന്ത്യക്ക് അവസരമുണ്ട്. 73 മത്സരത്തില്‍ നിന്ന് 39 ജയവും 26 തോല്‍വിയും വഴങ്ങിയാണ് ന്യൂസീലന്‍ഡ് തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 59 മത്സരത്തില്‍ നിന്ന് 38 ജയവും 20 തോല്‍വിയുമാണ് നേരിട്ടത്. വിജയ ശരാശരിയില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മുന്നിലാണ് ഇന്ത്യ. നായകനായി ഹോം ഗ്രൗണ്ടുകളില്‍ ഏറ്റവും കൂടുതൽ ടി 20 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്. നിലവില്‍ ഓയിന്‍ മോര്‍ഗനും കെയ്ന്‍ വില്യംസണുമൊപ്പം 15 വിജയങ്ങളാണ് രോഹിത്തിനുള്ളത്. ഇന്ന് ജയിച്ചാല്‍ ഇവരെ മറികടന്ന് രോഹിത് ശര്‍മ്മക്ക് തലപ്പത്തേക്കെത്താനാവും. 16 മത്സരങ്ങളിൽ നിന്നാണ് രോഹിത് 15 ജയങ്ങള്‍ സ്വന്തമാക്കിയത്.

Read More: റെക്കോർഡ് നേട്ടത്തിൽ ചാഹൽ; എക്കാലത്തെയും മികച്ച ഇന്ത്യൻ ടി 20 വിക്കറ്റ് വേട്ടക്കാരനായി യുസ്‌വേന്ദ്ര ചാഹൽ

നേരത്തെ ലങ്കക്കെതിരെയുള്ള ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: Team India near records