അത്ഭുതദ്വീപിലെ നരഭോജിയും ബ്രോ ഡാഡിയിലെ പൊക്കക്കാരനും; കളിയാക്കലുകൾ കാരണം നാടുവിടേണ്ടിവന്ന ഷിബു സിനിമനടനായതിന് പിന്നിൽ…

February 3, 2022

ചെറിയ വേഷങ്ങളിൽ വന്ന് ഹൃദയത്തിൽ സ്ഥാനം നേടുന്ന നിരവധി ചലച്ചിത്രതാരങ്ങളുണ്ട്. അത്തരത്തിൽ ഒരാളാണ് തുമ്പൂർ ഷിബു. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയിൽ വിവാഹവീട്ടിൽ പനിനീര് തളിക്കാൻ വന്ന പൊക്കക്കാരനായ മനുഷ്യനെക്കണ്ട് പലരും പറഞ്ഞു.. ‘ഇയാളല്ലേ അയാൾ… അതേ ഇയാൾ തന്നെയാണ് അയാൾ’. വിനയൻ സംവിധാനം നിർവഹിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ നരഭോജിയായി വന്ന് പ്രേക്ഷകരെ പേടിപ്പിച്ച ആ ആൾ തന്നെയാണ് ബ്രോ ഡാഡിയിലും എത്തിയത്.

ഇപ്പോഴിതാ പൊക്കകൂടുതലിന്റെ പേരിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ നിന്നും കളിയാക്കലുകൾ കാരണം നാടുവിടേണ്ടി വന്നതിനെക്കുറിച്ചും. പിന്നീട് സിനിമയിൽ എത്തിയതുമുൾപ്പെടെ ഷിബുവിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

എഴുത്തുകാരൻ ഹരിലാൽ രാജേന്ദ്രനാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശ്രീകണ്ഠൻ നായരുടെ “നമ്മൾ തമ്മിൽ” എന്ന പരിപാടിയിൽ ഉയരക്കുറവുള്ളവരും കൂടുതലുള്ളവരും തമ്മിലുള്ള ചർച്ചയിലൂടെ സംവിധായകൻ വിനയൻ ഷിബുവിനെക്കണ്ടു. തുടർന്ന് തന്റെ പുതിയ സിനിമയായ “അത്ഭുതദ്വീപി”ൽ നരഭോജികളാവാൻ ഷിബുവിനെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ ചേർക്കുന്നു…

“അത്ഭുതദ്വീപിലെ നരഭോജിയല്ലേ അച്ഛാ അത്‌” എന്ന് “ബ്രോ ഡാഡി”കാണുന്നതിനിടെ മകൾ ചോദിച്ചപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്‌. അതേ, പനിനീരു തളിക്കാൻ വന്ന് സല്യൂട്ടടിച്ചുപോകുന്ന ആ പൊക്കക്കാരൻ “അത്ഭുതദ്വീപി”ലെ നരഭോജിയായി വന്ന ആൾ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോൾ കണ്ട ആ കഥാപാത്രത്തെ ഇത്രകാലം കഴിഞ്ഞു കാണുമ്പോഴും അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.

സിനിമ കണ്ടുകഴിഞ്ഞ്‌ ഗൂഗിളിൽ ആദ്യം തേടിയത്‌ ആരാണാ നടൻ എന്നാണ്‌. ഒടുവിൽ ആളെ കണ്ടുപിടിച്ചു. “തുമ്പൂർ ഷിബു”! നമ്പർ തപ്പിയെടുത്ത്‌ രാവിലെ ഷിബുവിനെ വിളിച്ചു. കഥയെല്ലാം നേരിട്ട്‌ കേട്ടു. തൃശൂരിനടുത്ത്‌ തുമ്പൂരിൽ പോൾസൺ-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു ഷിബു. ഉയരക്കൂടുതൽ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു എന്ന പയ്യൻ ജീവിതമാർഗ്ഗം തേടി മദിരാശിക്കുപോകുന്നു. അവിടെ അവന്റെ ഉയരം അവനു സഹായമായി. വിജയശാന്തിയും വിജയുമെല്ലാം പങ്കെടുക്കുന്ന സൂപ്പർ താര പരിപാടികളിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തു.

അക്കാലത്ത്‌ “രാമർ പെട്രോൾ” കണ്ടുപിടിച്ച്‌ വിവാദനായകനായ രാമർ പിള്ളയുടെ വീടിന്‌ സ്ഥിരം ഗാർഡുകളിൽ ഒരാളായി. പേരുപോലുമറിയാത്ത ചില തമിഴ്‌ സിനിമകളിലെ സ്റ്റണ്ട്‌ രംഗങ്ങളിൽ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ അവർക്കായി ഒരു സംഘടനയുള്ളതിൽ ഭാഗമായി പ്രവർത്തിച്ചു. കേരളത്തിലും അങ്ങനെയൊന്നുണ്ടാക്കാൻ ചിലരോടെല്ലാം ആലോചിച്ചുറപ്പിച്ച്‌ ഷിബു നാട്ടിലേക്ക്‌ മടങ്ങി.

1999ൽ “All Kerala Tallmen’s Association” എന്ന സംഘടന രൂപീകരിച്ച്‌ മുന്നോട്ടുപോയി. ആയിടയ്ക്ക്‌ ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായരുടെ “നമ്മൾ തമ്മിൽ” എന്ന പരിപാടിയിൽ ഉയരക്കുറവുള്ളവരും കൂടുതലുള്ളവരും ഇരു ചേരികളിലായി വരുന്ന ചർച്ച നടന്നു. ഇതു കണ്ട സംവിധായകൻ വിനയൻ തന്റെ പുതിയ സിനിമയായ “അത്ഭുതദ്വീപി”ൽ നരഭോജികളാവാൻ ഷിബുവിന്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിച്ചു. ആ തീരുമാനമായിരുന്നു തുമ്പൂർ ഷിബുവിനും കൂട്ടുകാർക്കും മലയാള സിനിമയിലേയ്ക്കുള്ള ആദ്യ അവസരം.

തുടർന്ന് ചാലക്കുടിയിലെ ‘അക്കര തിയറ്ററി’ൽ കുറേക്കാലം സെക്യൂരിറ്റി ജീവനക്കാരനായി. അക്കാലത്ത്‌ പരിചയപ്പെട്ട കലാഭവൻ മണിയുടെ റക്കമെന്റേഷനിൽ വലിയ പ്രോഗ്രാമുകളിൽ ഗാർഡായി ജോലി കിട്ടി. “ക്രേസി ഗോപാലനി”ൽ ചെറിയ വേഷം കിട്ടുന്നതോടെ രണ്ടാം വട്ടവും ഷിബു സിനിമയിൽ മുഖം കാണിച്ചു. 2008 ൽ കലാഭവൻ മണി നേരിട്ട്‌ വിളിച്ച്‌ “കബഡി കബഡി” എന്ന സിനിമയിൽ ജയിൽപ്പുള്ളിയുടെ വേഷം നൽകി. 2009 ൽ “ഗുലുമാൽ” എന്ന സിനിമയിൽ കുഞ്ഞൂട്ടനായി. 2013ൽ “ക്ലൈമാക്സ്‌” എന്ന സിനിമയിലും 2014 ൽ കലാഭവൻ മണി അഭിനയിച്ച 3D ചിത്രമായ “മായാപുരി”യിലും ചെറിയ വേഷങ്ങൾ ചെയ്തു. “കായംകുളം കൊച്ചുണ്ണി”, “പറയിപെറ്റ പന്തിരുകുലം” എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

സിനിമയേക്കാൾ തിരക്കിട്ട “ഈവന്റ്‌ മാനേജ്‌മന്റ്‌” ജോലികളിലേക്ക്‌ ഷിബുവിന്റെ “Tallmen’s Force‌” എന്ന ഉയരക്കാരുടെ സംഘം അതിനിടയ്ക്ക്‌ വളർന്നിരുന്നു. നാലു സംസ്ഥാനങ്ങളിലെ പ്രമുഖ ഷോകളിലും കല്യാണങ്ങളിലും ഷിബുവും ആറടി+ പൊക്കക്കാരുടെ ടീമും സുരക്ഷാവലയം തീർക്കാൻ തുടങ്ങി. “ഉയരം ഞങ്ങൾക്കൊരഭിമാനം; ദൈവം തന്നൊരു വരദാനം” എന്ന ആപ്തവാക്യവുമായി Tallmen’s Force എന്ന ഉയരക്കാരുടെ കൂട്ടായ്മ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം “നിങ്ങടെ യൂണിഫോമുമിട്ട്‌ നാലുപേർ ഹൈദരാബാദിനു വരൂ”എന്നു പറഞ്ഞ്‌ സാക്ഷാൽ പൃഥ്വിരാജിന്റെ വിളി വരുന്നു. കേട്ടപാടേ സംഘാംഗങ്ങളായ ഡയ്സൺ കുറ്റിക്കാട്‌, ആന്റണി ചവറ,നിഷാദ്‌ മലപ്പുറം എന്നിവരോടൊപ്പം പുറപ്പെട്ടു. “ബ്രോ ഡാഡി”യുടെ സെറ്റിലെത്തിക്കഴിഞ്ഞ്‌ ഒറ്റ ദിവസം കൊണ്ട്‌ ബാൻഡ്‌ മേളക്കാരുടെ നല്ല നാലു പളപളപ്പൻ കുപ്പായങ്ങൾ കിട്ടി. അങ്ങനെ ഉയരം അനുഗ്രഹമായ ഷിബുവും കൂട്ടുകാരും വീണ്ടും വെള്ളിത്തിരയിൽ.

ലാലിനും ലാലുവിനും രാജുവിനും മുന്നിലേയ്ക്ക്‌ സൗബിന്റെ ഓർഡറിൽ കടന്നുവന്ന് സല്യൂട്ടടിച്ചും പനിനീരു തളിച്ചും കടന്നുപോകുന്നു. “അത്ഭുതദ്വീപ്‌” കണ്ടിട്ടുള്ളവർ ഇന്നും ആ ഓർമ്മയിൽ ചോദിക്കും:”ഇത്‌ അയാളല്ലേ?!”
അതേ. ഇത്‌ അയാൾ തന്നെയാണ്‌. “പൊക്കമുള്ളതാണെന്റെ പൊക്കം” എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കുട്ടിക്കാലത്തെ കളിയാക്കലുകൾക്ക്‌ ഇത്തരം ചെറു വിജയങ്ങളിലൂടെ മറുപടി നൽകുകയും ചെയ്യുന്ന തുമ്പൂർ ഷിബു.

Story highlights: Thumboor shibu life story