യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗസാധ്യത, 30 കഴിഞ്ഞവർ നിർബന്ധമായും പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ

February 21, 2022

ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി കാണപ്പെടാറുണ്ട് ഇക്കാലത്ത്. പ്രായമായവര്‍ക്കിടയില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇന്നു ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്രോഗം വര്‍ധിച്ചു വരുന്ന ഇക്കാലഘട്ടത്തില്‍ 30 വയസിന് ശേഷം എല്ലാവരും നിർബദ്ധമായി ഹൃദ്രോഗ പരിശോധന നടത്തണം എന്ന് പറയുകയാണ് ഹൃദ്രോഗ വിദഗ്ധർ.

പഠനങ്ങൾ പറയുന്നത് ഹൃദ്രോഗമുള്ളവരിൽ 25 ശതമാനത്തോളം 45 വയസിൽ താഴെയുള്ളവരും 67 ശതമാനം 55 വയസിൽ താഴെയുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഹൃദയത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തണം എന്നും പറയുന്നുണ്ട് ആരോഗ്യവിദഗ്ധർ. ഹൃദയത്തെ സംരക്ഷിക്കാന്‍ ഏതെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

ഹൃദയാരോഗ്യത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. തുടര്‍ച്ചയായുള്ള ഉറക്കക്കുറവും ഹൃദയാഘാതത്തിലേക്ക് വഴി തെളിക്കും. സ്ഥിരമായി ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുവാക്കള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ശീലമാക്കണം.

അമിതമായ മദ്യപാനവും ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. മദ്യപാനം പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒരു ദുശീലമാണ് പുകവലി. യുവാക്കള്‍ക്കിടയില്‍ ഈ ദുശീലം ഇന്നു വര്‍ധിച്ചു വരുന്നുണ്ട്. പുക വലിക്കുന്നവരിവരുടെ ഇടയില്‍ മാത്രമല്ല, പുക വലിക്കുന്നവരുടെ അടുത്തുനില്‍ക്കുന്നവര്‍ക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പുകവലി ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ പുകവലിക്കുന്നവരുടെ സമീപത്തുനിന്നും മാറിനില്‍ക്കാനും ശ്രമിക്കുക.

വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും.

Story highlights:Turned 30? you should undergo medical tests