ഒറ്റയ്ക്കൊരു വിമാനയാത്ര; ഏഴ് വയസ്സുകാരിയുടെ ധൈര്യത്തിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ സുഹൃത്തുക്കൾ

March 30, 2022

ഏഴാം വയസിൽ ഒറ്റയ്ക്കൊരു യാത്ര.. അതും വിമാനത്തിൽ പലർക്കും ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ലിത്. എന്നാൽ ഇപ്പോഴിതാ മാതാപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ ആരുമില്ലാതെ വഡോദരയിൽ നിന്നും മുംബൈയിലേക്ക് ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത അനായ എന്ന ഏഴ് വയസുകാരിയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി ഏറ്റുവാങ്ങുന്നത്.

കുട്ടി യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനായയുടെ അമ്മയാണ് ഈ വാർത്ത സോഷ്യൽ ഇടങ്ങളിലൂടെ ആളുകളെ അറിയിച്ചത്. അമ്മൂമ്മയുടെ വീട്ടിൽ പോയി സുരക്ഷിതമായി തിരികെ എത്തിയെന്ന അടിക്കുറുപ്പോടെയാണ് ഇഷ്‌ന ബത്ര ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതേസമയം കുഞ്ഞിന്റെ യാത്രയെക്കുറിച്ച് പറയുന്നതിനൊപ്പം വിമാനയാത്രയുടെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട് ഇവർ.

അഞ്ച് ദിവസങ്ങൾ മുൻപാണ് ഇഷ്‌ന കുഞ്ഞിന്റെ ഒറ്റയ്ക്കുള്ള യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. എന്നാൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഈ വീഡിയോ അമ്പത് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. കുഞ്ഞ് വിമാനത്തിൽ കയറാൻ പോകുന്നതും പിന്നീട് തിരികെ വിമാനത്താവളത്തിൽ ഇറങ്ങിയ കുഞ്ഞിനെ കൂട്ടാൻ ‘അമ്മ വരുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

Read also: ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്; പ്രചോദനമായി 74 കാരന്റെ ജീവിതം

അതേസമയം ഒറ്റയ്ക്ക് യാത്ര ചെയ്ത കുഞ്ഞിനെ അഭിനന്ദിക്കുന്നതിനൊപ്പം കുഞ്ഞിനെ ഒറ്റയ്ക്ക് അയയ്ക്കാൻ ഈ മാതാപിതാക്കൾ കാണിച്ച ധൈര്യത്തേയും പ്രശംസിക്കുന്നുണ്ട് ആളുകൾ. എന്നാൽ മാതാപിതാക്കളുടെ ഈ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർത്തുന്നവരുമുണ്ട്.

കുട്ടികളെ ഒറ്റയ്ക്ക് വിമാനത്തിൽ യാത്രയയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട ഫോർമാലിറ്റീസുമടക്കം വിഡിയോയിൽ പറയുന്നുണ്ട് കുട്ടിയുടെ ‘അമ്മ ഇഷ്ന. ഒറ്റയ്ക്കുള്ള യാത്രയിൽ അയാന ഹാപ്പി ആണെന്നും അടുത്ത തവണ കുറച്ചുകൂടി ദൂരത്തേക്ക് തനിയെ യാത്രചെയ്യണമെന്നാണ് അവൾ പറയുന്നതെന്നുമാണ് ഇഷ്‌ന വിഡിയോയ്‌ക്കൊപ്പം ഇസ്റ്റഗ്രാമിൽ കുറിച്ചത്.

Story highlights: 7-year-old child travels alone on a flight